വിദേശങ്ങളിലെയും സഊദിയിലെയും ഇ-പെയ്‌മെന്റ് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കും

0
1627

ജിദ്ദ: വിദേശങ്ങളിലെയും സഊദിയിലെയും ഇ-പെയ്‌മെന്റ് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ വെളിപ്പെടുത്തി.

ഇ-പെയ്‌മെന്റ് സേവന മേഖലയില്‍ ഹാജിമാര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണും. വരും വര്‍ഷങ്ങളില്‍ ഹജ് തീര്‍ഥാടകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നതു കൂടി കണക്കിലെടുത്താണിത്. സാങ്കേതിക മേഖല അടക്കമുള്ള നിരവധി മേഖലകളില്‍ ഹാജിമാര്‍ക്ക് സവിശേഷ സേവനങ്ങള്‍ നല്‍കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്.

നിരവധി രാജ്യങ്ങളില്‍ പ്രത്യേകമായ ഇ-പെയ്‌മെന്റ് സംവിധാനങ്ങളുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഹാജിമാര്‍ക്ക് തങ്ങളുടെ പക്കലുള്ള ഇ-പെയ്‌മെന്റ് സംവിധാനങ്ങള്‍ സൗദിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. സൗദിയിലെ ഇ-പെയ്‌മെന്റ് സംവിധാനങ്ങളും അവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതില്‍ പ്രധാന പങ്കാളിയെന്നോണം സ്വകാര്യ മേഖല വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.