ദി റിയൽ കേരള സ്റ്റോറി; ജയിൽ മോചിതനായി നാട്ടിലെത്തിയ ദിവേഷ് ലാൽ തങ്ങളെ കാണാൻ എയർപോർട്ടിൽ നിന്ന് നേരിട്ട് പാണക്കാട് എത്തി

0
4282

പാണക്കാട്: ദിവേഷ് ലാൽ എയർപോർട്ടിൽ നിന്നും നേരെ പാണക്കാടെത്തി. ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്ന തൻ്റെ മോചനത്തിനായി 46 ലക്ഷം രൂപ കണ്ടെത്താൻ സഹായിച്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ കാണാനാണ് എയർപോർട്ടിൽ നിന്ന് നേരിട്ട് പാണക്കാട് എത്തിയത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടല്‍ ആണ് ദിവേഷ് ലാലിന് തുണയായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിര്‍ത്തിയിട്ട വാഹനം അബദ്ധത്തില്‍ പിറകോട്ട് നീങ്ങി വാഹനം തട്ടി ഈജിപ്ത് സ്വദേശി മരണപ്പെട്ടതിനെ തുടര്‍ന്നാണ് അങ്ങാടിപ്പുറം വലമ്പൂര്‍, മുള്ള്യാകുര്‍ശ്ശി സ്വദേശി ദിവേഷ് ലാല്‍ ഖത്തറില്‍ ജയിലിലായത്. ജയില്‍ മോചനത്തിന് ബ്ലഡ് മണി അടക്കാനായി വേണ്ടിയിരുന്ന 46 ലക്ഷം രൂപയാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ലഭിച്ചത്.

നിര്‍ധനരായ കുടുംബത്തിന് ഈ തുക സ്വരൂപിക്കുന്നത് ബാലികേറാമലയായിരുന്നു. കുടുംബം മുനവ്വറലി തങ്ങളെ സന്ദര്‍ശിച്ച് ആവലാതി ബോധിപ്പിച്ചതോടെയാണ് തങ്ങള്‍ ഇതേറ്റെടുത്തത്. സുമനസ്സുകളുടെ സഹായത്തോടെ വളരെ പെട്ടെന്ന് തന്നെ ലക്ഷ്യം നേടാന്‍ സാധിച്ചു.

അതിസങ്കീർണ പ്രശ്നങ്ങളുമായെത്തിയവർക്ക് ആശ്വാസമായിട്ടുള്ള പാണക്കാട് തറവാട്ടിലാണ് അമ്മയും മുത്തച്ഛനും മുത്തശ്ശിയും നാട്ടുകാരുമടക്കമുള്ളവർക്കൊപ്പം ഒന്നുമറിയാത്ത, കളിചിരികളിൽ ഒന്നരവയസ്സുകാരി പാണക്കാട്ട് എത്തിയിരുന്നത്. ഇതുവരെ കാണാനാവാത്ത അച്ഛനെ രക്ഷിച്ച് നാട്ടിലെത്തിക്കാനുള്ള സഹായം തേടിയാണ് കുടുംബം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ കാണാനെത്തിയിരുന്നത്.

വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ ശേഷം പണം കണ്ടെത്താൻ സഹായിക്കാമെന്ന മുനവ്വറലി തങ്ങളുടെ ഉറപ്പിലാണ് കുടുംബം മടങ്ങിയത്. അതാണ് ഇപ്പോൾ യാഥാർഥ്യമായത്. മലപ്പുറം ജില്ലയിലെ വലമ്പൂർ സ്വദേശി കളപ്പാറ ദിവേഷ് ലാൽ(കുട്ടൻ-32) ഖത്തറിലെ ജയിലിലായിരുന്നു. വായ്പയെടുത്ത് നാട്ടിലുണ്ടാക്കിയ വീടിന്റെ കടം വീട്ടാനാണ് ഡ്രൈവറായി കുട്ടൻ ഖത്തറിലേക്ക് വിമാനം കയറിയത്. അവിടെ നിർത്തിയിട്ട വാഹനം പിന്നോട്ടുരുണ്ട് ഈജിപ്തുകാരൻ മരിച്ചതോടെ ജയിലിലുമായി. നഷ്ടപരിഹാരത്തുകയായി 46 ലക്ഷം രൂപ കൈമാറിയാലേ കുട്ടനെ മോചിപ്പിക്കാനാവൂ എന്നായിരുന്നു വിധി. നിർധനകുടുംബത്തെ സഹായിക്കാൻ പി. അബ്ദുൾ ഹമീദ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും കുടുംബവും ചേർന്ന് സഹായസമിതിയുണ്ടാക്കി പണം സ്വരൂപിക്കാനായിരുന്നു തീരുമാനം. എന്നാൽ കുറഞ്ഞ തുക മാത്രമായിരുന്നു കിട്ടിയത്.

പണം കണ്ടെത്താൻ മറ്റ് മാർഗമില്ലാതായതോടെയാണ് പ്രതീക്ഷയുമായി കുടുംബം കഴിഞ്ഞ ദിവസം പാണക്കാട്ടെത്തിയിരുന്നത്. തുടർന്ന് തങ്ങൾ ഇത് ഏറ്റെടുത്ത് പൂർത്തീകരിക്കുകയായിരുന്നു. രണ്ടുവർഷം മുൻപാണ് കുട്ടൻ നാട്ടിലെത്തിയത്. ഒന്നര വയസ്സുകാരിയായ മകളെ നേരിൽ കണ്ടിരുന്നില്ല. മകളുടെ രണ്ടാം പിറന്നാളിന് നാട്ടിലേക്ക് വരാനിരിക്കേയാണ് അപകടമുണ്ടായതും ജയിലിലായതും.

വീഡിയോ കാണാം👇

ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്ന ദിവേഷ് ലാൽ എയർപോർട്ടിൽ നിന്നും നേരെ പാണക്കാടെത്തി, സഹായിച്ച തങ്ങളോട് നന്ദി പറയാൻ….

Posted by Muslim Youth League on Saturday, 3 June 2023

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ  എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.            വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക