മുനവ്വറലി തങ്ങളുടെ ഇടപെടല്‍; ദിവേഷ് ലാലിന് ഇനി നാടണയാം

0
2791

മോചനത്തിനായി മുനവ്വറലി തങ്ങളുടെ നേതൃത്വത്തിൽ മൂന്നു ദിവസം കൊണ്ട് സമാഹരിച്ചത് 46 ലക്ഷം രൂപ

മലപ്പുറം: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടല്‍ ഫലം കണ്ടു. ദിവേഷ് ലാലിന് ഇനി നാടണയാം. നിര്‍ത്തിയിട്ട വാഹനം അബദ്ധത്തില്‍ പിറകോട്ട് നീങ്ങി വാഹനം തട്ടി ഈജിപ്ത് സ്വദേശി മരണപ്പെട്ടതിനെ തുടര്‍ന്നാണ് അങ്ങാടിപ്പുറം വലമ്പൂര്‍, മുള്ള്യാകുര്‍ശ്ശി സ്വദേശി ദിവേഷ് ലാല്‍ ഖത്തറില്‍ ജയിലിലായത്. ജയില്‍ മോചനത്തിന് ബ്ലഡ് മണി അടക്കാനായി വേണ്ടിയിരുന്ന 46 ലക്ഷം രൂപ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ലഭിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിര്‍ധനരായ കുടുംബത്തിന് ഈ തുക സ്വരൂപിക്കുന്നത് ബാലികേറാമലയായിരുന്നു. കുടുംബം മുനവ്വറലി തങ്ങളെ സന്ദര്‍ശിച്ച് ആവലാതി ബോധിപ്പിച്ചതോടെയാണ് തങ്ങള്‍ അഭ്യര്‍ത്ഥന നടത്തിയത്. സുമനസ്സുകളുടെ സഹായത്തോടെ വളരെ പെട്ടെന്ന് തന്നെ ലക്ഷ്യം നേടാന്‍ സാധിച്ചു. കുവൈത്ത് ജയിലില്‍ വധശിക്ഷ നേരിട്ട തമിഴ് നാട്ടിലെ യുവാവിന്റെ മോചനത്തിന് വേണ്ടിയും നേരത്തെ പാണക്കാട് കുടുംബം ഇടപെടല്‍ നടത്തിയിരുന്നു. ഇത് സംബന്ധിച്ച നാല് ദിവസം മുമ്പുള്ള വാർത്ത👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തർ ജയിലിലുള്ള മലയാളിയുടെ മോചനം: സഹായംതേടി കുടുംബം പാണക്കാട്ടെത്തി

പെരിന്തൽമണ്ണ: ഒന്നരവയസ്സുകാരി കളിചിരികളിലാണ്. അവൾക്കൊന്നുമറിയില്ലല്ലോ? അതിസങ്കീർണ പ്രശ്നങ്ങളുമായെത്തിയവർക്ക് ആശ്വാസമായിട്ടുള്ള പാണക്കാട് തറവാട്ടിലാണ് അമ്മയും മുത്തച്ഛനും മുത്തശ്ശിയും നാട്ടുകാരുമടക്കമുള്ളവർക്കൊപ്പം അവളുമെത്തിയത്. ഇതുവരെ കാണാനാവാത്ത അച്ഛനെ രക്ഷിച്ച് നാട്ടിലെത്തിക്കാനുള്ള സഹായം തേടിയാണ് കുടുംബം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ കാണാനെത്തിയത്.

വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ ശേഷം പണം കണ്ടെത്താൻ സഹായിക്കാമെന്ന മുനവ്വറലി തങ്ങളുടെ ഉറപ്പിലാണ് കുടുംബം മടങ്ങിയത്. മലപ്പുറം ജില്ലയിലെ വലമ്പൂർ സ്വദേശി കളപ്പാറ ദിവേഷ് ലാൽ(കുട്ടൻ-32) ആണ് ഖത്തറിലെ ജയിലിൽ കഴിയുന്നത്. വായ്പയെടുത്ത് നാട്ടിലുണ്ടാക്കിയ വീടിന്റെ കടം വീട്ടാനാണ് ഡ്രൈവറായി കുട്ടൻ ഖത്തറിലേക്ക് വിമാനം കയറിയത്. അവിടെ നിർത്തിയിട്ട വാഹനം പിന്നോട്ടുരുണ്ട് ഈജിപ്തുകാരൻ മരിച്ചതോടെ ജയിലിലുമായി. നഷ്ടപരിഹാരത്തുകയായി 46 ലക്ഷം രൂപ കൈമാറിയാലേ കുട്ടനെ മോചിപ്പിക്കാനാവൂ. നിർധനകുടുംബത്തെ സഹായിക്കാൻ പി. അബ്ദുൾ ഹമീദ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും കുടുംബവും ചേർന്ന് സഹായസമിതിയുണ്ടാക്കി പണം സ്വരൂപിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇതുവരെ മൂന്ന് ലക്ഷം രൂപമാത്രമാണ് കിട്ടിയത്.

പണം കണ്ടെത്താൻ മറ്റ് മാർഗമില്ലാതായതോടെയാണ് പ്രതീക്ഷയുമായി കുടുംബം കഴിഞ്ഞ ദിവസം പാണക്കാട്ടെത്തിയത്. രണ്ടുവർഷം മുൻപാണ് കുട്ടൻ നാട്ടിലെത്തിയത്. ഒന്നര വയസ്സുകാരിയായ മകളെ നേരിൽ കണ്ടിട്ടില്ല. മകളുടെ രണ്ടാം പിറന്നാളിന് നാട്ടിലേക്ക് വരാനിരിക്കേയാണ് അപകടമുണ്ടായതും ജയിലിലായതും.

കേരള ഗ്രാമീൺ ബാങ്കിന്റെ പട്ടിക്കാട് ചുങ്കം ശാഖയിൽ ദിവേഷ് ലാൽ സഹായസമിതിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ- 40678101126749. ഐ.എഫ്.എസ്.സി. കോഡ്- KLGB0040678. ഗൂഗിൾ പേ നമ്പർ- 9847620015.വേണ്ടത് 46 ലക്ഷം; സ്വരൂപിക്കാനായത് മൂന്നുലക്ഷം മാത്രം

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക