ഒരു മാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
2463

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു മാസം മുമ്പ് കാണാതായിരുന്ന സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏപ്രില്‍ പകുതി മുതല്‍ കാണാതായ മുബാറക് അല്‍ റാഷിദിയുടെ മൃതദേഹമാണ് പടിഞ്ഞാറല്‍ സാല്‍മിയയില്‍ കണ്ടെത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇയാളെ കാണാതായ സമയം മുതല്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശ പ്രകാരം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് വ്യാപകമായ തെരച്ചില്‍ തുടങ്ങിയിരുന്നു.

പബ്ലിക് സെക്യൂരിറ്റി, ട്രാഫിക്, സെന്‍ട്രല്‍ ഓപ്പറേഷന്‍സ്, പട്രോള്‍സ്, ഹെലികോപ്റ്റര്‍ തുടങ്ങിയ വിഭാഗങ്ങളിലെ നൂറ് കണക്കിന് ഉദ്യോഗസ്ഥരും നിരവധി സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലിന്റെ ഭാഗമായിരുന്നു. ഒരു മാസത്തിന് ശേഷവും തുടര്‍ന്ന തെരച്ചിലിലാണ് കഴിഞ്ഞ ദിവസം ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

അല്‍ റാഷിദിയുടെ കുടുംബത്തോട് അനുശോചനം അറിയിച്ച ആഭ്യന്തര മന്ത്രാലയം, മരണ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുമെന്നും ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.