ജിദ്ദ: ഹാജിമാർക്ക് വിദേശത്ത് നിന്ന് മരുന്നുകളോ മെഡിക്കൽ ഉപകരണങ്ങളോ ആവശ്യണ്ടെങ്കിൽ മെയ് 9 നും ജൂൺ 19 നും ഇടയിൽ ഇറക്കുമതി ചെയ്യണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു.
ഹാജിമാർക്കാവശ്യമായ മരുന്നുകളും ഉപകരണങ്ങളും വിദേശ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരികയാണെങ്കിൽ അത് സൗദി അറേബ്യയിൽ എത്തുന്നതിന് 15 ദിവസം മുമ്പ് ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി ഹജ്, ഉംറ മന്ത്രാലയത്തിന് കൈമാറണം. ഹജ് സംഘം ഹജിന് ശേഷം രാജ്യം വിടുമ്പോൾ കസ്റ്റംസ് രേഖകൾ സഹിതം കാണിച്ച് ശേഷിക്കുന്ന മരുന്നുകൾ തിരിച്ചുകൊണ്ടുപോകണം.
ആവശ്യത്തിലധികമുള്ളതോ ശേഷിക്കുന്നതോ ആയ മരുന്നുകളും ഉപകരണങ്ങളും ഏതെങ്കിലും കക്ഷികൾക്ക് വിതരണം ചെയ്യാൻ അനുവദിക്കില്ല.
ഹജ് സീസൺ അവസാനിച്ച ശേഷം താമസ സ്ഥലങ്ങളിൽ ഉപേക്ഷിച്ച് പോകാനും പാടില്ല. കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അവ വീണ്ടും കയറ്റുമതി ചെയ്യണം.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലൂടെയാണ് ഇവ കൊണ്ടുവരേണ്ടത്. ഈ വ്യവസ്ഥകൾക്ക് വിരുദ്ധമായി മരുന്നുകളും മറ്റും കൊണ്ടുവരാനാകില്ലെന്ന് എല്ലാ ഹജ് മിഷനുകളെയും സർക്കാർ വകുപ്പുകളെയും അതോറ്റി അറിയിച്ചു.