ജിദ്ദയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേകാൽ കോടി രൂപയുടെ സ്വർണം പിടികൂടി

0
2128

കോഴിക്കോട്: ജിദ്ദയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേകാൽ കോടി രൂപയുടെ സ്വർണം പിടികൂടി. കരിപ്പൂർ എയർപോർട്ടിൽ വെച്ച് സ്വർണ ക്യാപ്സൂളുകളാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി വടക്കേക്കര സയ്യിദിൽ (24) നിന്ന് 1095 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളാണ് കസ്റ്റംസ്സ് പിടികൂടിയത്.

ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ വന്ന കോഴിക്കോട് മുക്കം സ്വദേശി മുണ്ടയിൽ ഇർഷാദിൽ (25) നിന്നാണ് 1165 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും പിടികൂടി. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ഇരുവരും ശ്രമിച്ചത്.

ഡെപ്യൂട്ടി കമീഷണർ ജെ. ആനന്ദകുമാറിന്റെ നിർദേശ പ്രകാരം സൂപ്രണ്ട് സലിൽ, മുഹമ്മദ്‌ റജീബ്‌, ഇൻസ്‌പെക്ടർമാരായ ഹരിസിങ് മീണ, വിഷ്ണു അശോകൻ, ഹെഡ് ഹവിൽദാർമാരായ ഇ.വി. മോഹനൻ, സന്തോഷ്‌ കുമാർ എന്നിവർ ചേർന്നാണ് കള്ളക്കടത്ത് പിടികൂടിയത്. കഴിഞ്ഞദിവസങ്ങളിലും ഇതുപോലെ കോടികളുടെ സ്വർണം കരിപ്പൂർ എ‍യർപോർട്ടിൽ നിന്നും പിടികൂടിയിരുന്നു.