ഖോര്‍ഫക്കാനിൽ ബോട്ടപകടത്തിൽപ്പെട്ടത് തമിഴ് കുടുംബം; ഡ്രൈവർമാരിലൊരാൾ മലയാളി

0
1030

അബുദാബി: യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഉല്ലാസബോട്ടുകള്‍ മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടത് തമിഴ് കുടുംബം. ഡ്രൈവർമാരിലൊരാൾ മലയാളിയാണ്. തമിഴ് കുടുംബവും ജീവനക്കാരുമടക്കം രണ്ടു ബോട്ടുകളിലായി ആകെ 10 പേരാണ് ഉണ്ടായിരുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശനിയാഴ്ച ഉച്ചയ്ക്ക് ഷാര്‍ഖ് ദ്വീപിന് സമീപമാണ് ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ടുകള്‍ മുങ്ങിയത്. അപകടത്തിൽപ്പെട്ട ബോട്ടുകളിലൊന്നിലെ ഡ്രൈവർ കണ്ണൂര്‍ അഴീക്കോട് സ്വദേശി പ്രദീപാണ്. പ്രദീപ് ഓടിച്ച ബോട്ടില്‍ 10 വയസ്സുകാരിയടക്കം ഒരു തമിഴ് കുടുംബമായിരുന്നു യാത്ര ചെയ്തിരുന്നത്.

സ്ഥലത്തെത്തിയ കോസ്റ്റ് ഗാര്‍ഡിനൊപ്പം പ്രദീപും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിൽ മുൻപിലുണ്ടായിരുന്നു. ബോട്ടിലെ ഒരു ജീവനക്കാരനേയും യാത്രക്കാരായ മൂന്നു പഞ്ചാബ് സ്വദേശികളേയും ഡ്രൈവര്‍ പ്രദീപാണ് രക്ഷപ്പെടുത്തിയത്. 30 വര്‍ഷമായി ഖോര്‍ഫക്കാനില്‍ ബോട്ട് ഓടിക്കുന്ന പ്രദീപ് പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയായിരുന്നു അപകടം.

ആദ്യം മറിഞ്ഞ ബോട്ട് ഓടിച്ചിരുന്നത് ബംഗ്ലാദേശ് സ്വദേശിയാണ്. ഇയാൾ കരയിലേയ്ക്ക് നീന്തി രക്ഷപ്പെട്ടു. ഏഴ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി തീരദേശ സുരക്ഷാസേന അറിയിച്ചു. പരുക്കേറ്റ അമ്മയേയും കുട്ടിയേയും ആശുപത്രിയിലേയ്ക്ക് മാറ്റി. പരുക്കേറ്റവരെ ഖോര്‍ഫക്കാന്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ദുബായ് അൽ ബറഹ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരുക്ക് സാരമുള്ളതല്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക