പ്രവാസി മിത്രം ഓൺലൈൻ ഇന്ന് മിഴി തുറക്കും, പ്രവാസികൾക്ക് എല്ലാം ഇനി വിരൽതുമ്പിൽ

0
2679

തിരുവനന്തപുരം: പ്രവാസികൾക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന പ്രവാസി മിത്രം ഓൺലൈൻ പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം ഇന്ന്. വൈകുന്നേരം 4.30 ന് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റവന്യൂ സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം അറിയുന്നതിന് റവന്യൂ വകുപ്പ് തയ്യാറാക്കിയതാണ് പ്രവാസി മിത്രം ഓൺലൈൻ പോർട്ടലും പ്രവാസി സെല്ലും.
ഉദ്ഘാടന സമ്മേളനത്തിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനാകും.

www.pravasimithram.kerala.gov.in എന്നാണ് വെബ്സൈറ്റ് അഡ്രസ്. രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ വെബ്ബ് പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്. പ്രവാസികൾ പലപ്പോഴും വർഷങ്ങളുടെ ഇടവേളകളിലാണ് പലപ്പോഴും നാട്ടിലെത്തുക. അതും ചെറിയ അവധിക്കും. ഇത്തരം സാഹചര്യത്തിൽ വസ്തുവകകളിലെ കൈമാറ്റത്തിനും, രേഖകൾ ലഭ്യമാകുന്നതിലും, വസ്തുസംബന്ധമായ ഉടമസ്ഥാവകാശ തർക്കങ്ങൾ പരിഹരിക്കുന്നതിലും റവന്യൂ ഓഫീസുകളിൽ സമർപ്പിച്ച അപേക്ഷകളുടെ തുടർനടപടികൾക്കും തടസ്സം നേരിടാറുണ്ട്. ഇക്കാര്യങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്നായിരുന്നു ലോകകേരളസഭയിലുൾപ്പെടെ പ്രവാസികളുടെ ആവശ്യം.

ഇക്കാര്യം പരിഗണിച്ചാണ് “പ്രവാസിമിത്രം” പോർട്ടൽ യാഥാർത്ഥ്യമാകുന്നത്. ഒരു പ്രവാസി മലയാളി ഒരു ജില്ലയിൽ സമർപ്പിച്ച അപേക്ഷ /പരാതി സംബന്ധിച്ച വിഷയത്തിൽ www.pravasimithram.kerala.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിച്ചാൽ ടി അപേക്ഷ ജില്ലയിലെ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (ആർ ആർ ) ന് ലഭിക്കുകയും ജില്ലയിലെ ബന്ധപ്പെട്ട റവന്യു സബ് ഓഫീസുകളിൽ നിന്നും പ്രവാസി മലയാളി മുൻപ് സമർപ്പിച്ച അപേക്ഷയുടെ നടപടി വിവരം ഡെപ്യൂട്ടി കളക്ടർ (ആർ ആർ ) ആയതിന്മേലുള്ള റിപ്പോർട്ട് സബ് ഓഫീസിൽ നിന്നും ലഭ്യമാക്കി പോർട്ടൽ മുഖാന്തിരം അപേക്ഷകന് ലഭ്യമാക്കുന്നതാണ്.
ഒരു പ്രവാസി മലയാളി റവന്യു വകുപ്പിലെ സംസ്ഥാന തല ഓഫീസുകളിൽ സമർപ്പിച്ച അപേക്ഷ /പരാതി സംബന്ധിച്ച വിഷയത്തിൽ http://pravasimithram.kerala.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിച്ചാൽ ടി അപേക്ഷ ജില്ലയിലെ നോഡൽ ഓഫീസറായ അസിസ്റ്റന്റ് കമ്മിഷണർ (എൽ ആർ ) ന് ലഭിക്കുകയും ബന്ധപ്പെട്ട റവന്യു ഓഫീസുകളിൽ നിന്നും പ്രവാസി മലയാളി മുൻപ് സമർപ്പിച്ച അപേക്ഷയുടെ നടപടി വിവരം അസിസ്റ്റന്റ് കമ്മിഷണർ (എൽ ആർ ) ആയതിന്മേലുള്ള റിപ്പോർട്ട് ബന്ധപ്പെട്ട ഓഫീസിൽ നിന്നും ലഭ്യമാക്കി പോർട്ടൽ മുഖാന്തിരം അപേക്ഷകന് ലഭ്യമാക്കുന്നതാണ്.

ഉദ്ഘാടന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, പി. പ്രസാദ് എന്നിവരും എം.പി ശശി തരൂർ, നിയമസഭാംഗങ്ങളായ വി.കെ. പ്രശാന്ത്, ഇ.റ്റി ടൈസൺ മാസ്റ്റർ, മേയർ ആര്യാ രാജേന്ദ്രൻ, നോർക്ക റൂട്ട്സിൽ നിന്നും റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, ചെയർമാൻ എം.എ യൂസഫലി, ഡയറക്ടർമാരായ ബി. രവി. പിളള, ഡോ. ആസാദ് മൂപ്പൻ, ജെ.കെ മേനോൻ, സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി.കെ , വിവിധ പ്രവാസി സംഘടനാ പ്രതിനിധികകൾ സംബന്ധിക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക