വിദ്യാർത്ഥികളുമായി വിനോദയാത്രക്കുപോയ വാൻ ലോറിയിലിടിച്ച് അപകടം

0
1839

പാലക്കാട്: സ്കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്രക്കുപോയ വാൻ ലോറിയിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ അധ്യാപികയ്ക്ക് പരുക്കേറ്റു. പാലക്കാട് പൊള്ളാച്ചി റോഡിൽ എലപ്പുള്ളി കൈതക്കുഴിയിൽവെച്ചാണ് അപകടമുണ്ടായത്.

തിരൂർ എംഇഎസ് സ്കൂളിലെ വിദ്യാ‍ത്ഥികളുമായി പോയ വാനാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. 14 വിദ്യാർത്ഥികളുമായി തമിഴ്നാട്ടിൽ നിന്നും തിരികെ വരികയായിരുന്ന വാനിൽ പൊള്ളാച്ചിയിലേക്ക് പോകുന്ന ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. കുട്ടികൾക്ക് സാരമായ പരുക്കില്ല. അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ അധ്യാപികയെ അത്താണി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് ശേഷം ലോറിയിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് പ്രിൻസിപ്പൽ എസ്ഐ രംഗനാഥന്റെ നേതൃത്വത്തിൽ കസബ പൊലീസും കഞ്ചിക്കോട് അഗ്നിരക്ഷാസേനയുമെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.