മെഡിക്കൽ എൻജിനീയറിംഗ് എൻട്രൻസ് പരിശീലനം ഇനി മുതൽ സഊദിയിലും

0
1312

ദമാം: മെഡിക്കൽ എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലനത്തിന് സഊദിയിൽ അറേബ്യയിൽ അംഗീകാരം ലഭിച്ചതായി എഡ്യൂക്കേഷൻ പാർട്ടണേഴ്സ് കമ്പനി ഡയറക്ടർ ഡോക്ടർ ടി.പി മുഹമ്മദ് ദമാമിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി അറേബ്യയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർ പഠനത്തിനുള്ള എല്ലാ സാധ്യതകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗദിയിൽ രജിസ്റ്റർ ചെയ്ത എഡ്യൂക്കേഷൻ പാർട്ടണേഴ്‌സ് കമ്പനി ആണ് ഇന്ത്യയിലെ പ്രമുഖ എൻട്രൻസ് പരീക്ഷ പരിശീലന സ്ഥാപനമായ ആസ്‌ക് ഐ.ഐ ടിയൻസ്സുമായി ചേർന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോച്ചിങ് ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സഊദിയിൽ ഇതാദ്യമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കോച്ചിങ് ആരംഭിക്കുന്നതെന്നും സൗദി അറേബ്യയിലെ ദമാമിൽ അൽ മുന ഇന്റർനാഷണൽ സ്‌കൂളുമായും ജുബൈലിൽ ഡ്യൂൺസ് സ്‌കൂളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഡോ. ടി.പി മുഹമ്മദ് കൂട്ടിച്ചേർത്തു.

2007 മുതലുള്ള തൊണ്ണൂറിലധികം മുൻ ഐ.ഐ.ടിയന്മാരും മുപ്പതിലധികം മെഡിക്കൽ രംഗത്തെ പ്രമുഖരും ചേർന്ന് ഇന്ത്യയിൽ ദൽഹി ആസ്ഥാനമായി നടത്തിവരുന്ന ഉന്നത നിലവാരം പുലർത്തുന്ന പ്രമുഖ സഥാപനമാണ് ആസ്‌ക് ഐ.ഐ.ടിയൻസെന്നും കഴിഞ്ഞ പത്തു വർഷമായി ഓൺലൈൻ സംവിധാനത്തിൽ സൗദിയിലുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് നീറ്റ്, ജെ.ഇ.ഇ തുടങ്ങിയ പരീക്ഷകളിൽ പരിശീലനം നൽകി മികച്ച വിജയം കാഴ്ച വെച്ച സ്ഥാപനമാണ് ആസ്‌ക് ഐ.ഐ.ടിയൻസെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്‌കൂൾ സാധാരണ പഠന സമയം കഴിഞ്ഞായിരിക്കും സ്‌കൂളുകളിൽ ഫിസിക്കൽ ക്ലാസുകൾ നടക്കുന്നതെന്നും ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ വിദ്യാലയങ്ങൾ ഈ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനുള്ള അനുമതി കൂടി സ്ഥപനങ്ങൾക്കു ലഭിച്ചു കഴിഞ്ഞതായും ഇവർ അറിയിച്ചു.

ഇന്ത്യയിൽ നിന്നുള്ള പരിചയസമ്പന്നരായ ഐ.ഐ.ടിയിലെ അധ്യാപകർ, വിശകലനത്തോടുകൂടിയ റെഗുലർ ടെസ്റ്റ് സീരീസ്, പതിവ് സംശയ നിവാരണവും ഗൃഹപാഠവും, കരിയർ കൗൺസിലിംഗും അദ്ധ്യാപക രക്ഷാകർതൃ സമിതികളും, സ്വയം പഠനവും, പുനരവലോകനവും, ചെറിയ ബാച്ചുകൾ, ആറാം ക്ലാസു മുതലുള്ള കുട്ടികൾക്കു ഫൗണ്ടേഷൻ ക്ലാസുകൾ എന്നിവയാണ് സംരംഭത്തിന്റെ പ്രത്യേകതകൾ. കോച്ചിങ്ങുമായി ബന്ധപ്പെട്ട അന്വേഷണത്തിനുമായി എല്ലാ ദിവസവും രാത്രി 8 മണി വരെ ദമാം അൽ മുന സ്‌കൂളിലും ജുബൈൽ ഡ്യൂൺസ് സ്‌കൂളിലും സേവനം ലഭ്യമായിരിക്കുമെന്നും സ്ഥാപനത്തിന്റെ ഔദ്യോഗിക ലോഞ്ചിങ് മെയ് 13 നു രാത്രി ഏഴു മണിക്ക് ദമാം റോസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്നതാണെന്നും ഇവർ അറിയിച്ചു.

ഡയറക്ടർ ഡോക്ടർ ടി.പി മുഹമ്മദ്, അൽ മുന സ്‌കൂൾ പ്രിൻസിപ്പൽ നാസ്സർ അൽ സഹ്റാനി, വൈസ് പ്രിൻസിപ്പൽ അബ്ദുൽ ഖാദർ മാസ്റ്റർ, ആസ്‌ക് ഐ ഐ ടിയൻസ് സി.ഇ.ഒ സതീഷ് റാവു, ചീഫ് കോഓർഡിനേറ്റർ ഹർഷ് പട്ടോഡിയ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക