ഇന്ത്യാനപോളിസ്: നായയുടെ ആക്രമണത്തിൽ ഇന്ത്യാന ഷെരീഫ് ഓഫീസ് ഡെപ്യൂട്ടി തമീക്ക വൈറ്റ് അന്തരിച്ചു. 46 വയസ്സായിരുന്നു. ഗുരുതരമായി പരിക്കേറ്റ തമീക്കയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം.
നായയുടെ ആക്രമണത്തിൽ പരുക്കേറ്റ എട്ടുവയസുകാരനായ മകൻ സുഖം പ്രാപിച്ചു വരികയാണ്. ആക്രമണകാരിയായ നായയെ പൊലീസ് വെടിവച്ചു കൊന്നു.
പതിനേഴ് വർഷം മരിയോൺ കൗണ്ടി ഷെരീഫ് ഓഫീസിൽ ഡെപ്യൂട്ടി ആയിരുന്നു തമീക്ക. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ സംരക്ഷിച്ചു കൊണ്ട് ഇന്നലെ രാത്രി തമീക്ക മരണത്തിനു കീഴടങ്ങിയെന്നായിരുന്നു ഷെരീഫ് ഓഫീസിലെ വൈറ്റിന്റെ കമാൻഡർ ബ്രിട്ടാനി സെലിഗ്മാൻ പറഞ്ഞത്. ധീരയും ആത്മാർഥതയുള്ള പൊതുസേവകയും ആയിരുന്നു തമീക്കയെന്നായിരുന്നു സേനയുടെ പ്രതികരണം.
ആക്രമണകാരിയായ നായയുടെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്ത്യാനാപോളിസ് മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വക്താവ് പറഞ്ഞു. നായയുടെ ഉടമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നായ പിറ്റ്ബുൾ ടൈപ്പാണെന്നും എന്നാൽ ഡിഎൻഎ ടെസ്റ്റ് നടത്തിമാത്രമേ ഇത് ഉറപ്പിക്കാന്‍ സാധിക്കുവെന്നും ഇന്ത്യാനപോളിസ് ആനിമൽ ആന്റ് കെയർ സർവീസ് വ്യക്തമാക്കി.




