ദുരന്തത്തിനിടയാക്കിയത് ഓവര്‍ലോഡ്; ദുരന്തത്തിനിടയാക്കിയ ബോട്ടിന് സമാനമായ ബോട്ട് സർവ്വീസിന്റെ ഞെട്ടിക്കുന്ന വീഡിയോ

0
6672

താനൂര്‍/മലപ്പുറം: താനൂരിൽ അപകടത്തിൽ പെട്ടത് സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയുള്ള സര്‍വ്വീസ് ആണെന്ന തരത്തിൽ വീഡിയോ പ്രചരിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതിലേറെ പേരെ കയറ്റി അഴിമുഖത്തേക്ക് പോയ ടൂറിസ്റ്റ് ബോട്ടാണ് തലകീഴായി മറിഞ്ഞത്. മുപ്പത് പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ നാല്‍പതിലേറെ പേരെ കയറ്റിയാണ് യാത്രയായത്. ഞായറാഴ്ചയായതിനാല്‍ ഇന്നലെ ബോട്ടില്‍ കയറാന്‍ നിരവധി പേരാണ് എത്തിയിരുന്നത്.

എന്നാൽ, ബോട്ടില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നത് കണ്ട് യാത്രക്ക് മുമ്പ് ചിലര്‍ താക്കീത് നല്‍കിയിരുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്നാൽ, ഇതേ ബോട്ട് തന്നെയാണോ അപകടത്തിൽ പെട്ടതെന്ന് വ്യക്തമല്ല. എന്നാൽ, സമാനമായ വീഡിയോ ആണ് പ്രചരിക്കുന്നത്. യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടു പോകുന്നത് ബോട്ട് മറിയാന്‍ ഇടയാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമാണ്. ആളുകളെ കുത്തി നിറക്കുന്നതും പരമാവധി ആളുകളെ ബോട്ടിലേക്ക് ക്ഷണിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

പ്രചരിക്കുന്ന വീഡിയോ

അപ്പോൾ തന്നെ അപകടം നടക്കുമെന്ന മുന്നറിയിപ്പ് സമീപവാസികൾ നൽകുന്നതും വീഡിയോയിൽ കേൾക്കാനാകും. എന്നാൽ, ടൂറിസം വകുപ്പോ, മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ അല്ല ദുരന്തം നടന്ന സ്ഥലത്തെ ബോട്ട് സര്‍വ്വീസ് നടത്തുന്നത്. പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തികള്‍ക്ക് ബോട്ട് സര്‍വ്വീസിന് അനുമതി നല്‍കുകയായിരുന്നു. അപകടം നടന്ന ഒട്ടുംപുറം ബീച്ചില്‍ അടുത്തകാലത്തായി ആയിരകണക്കിന് സഞ്ചാരികളാണ് വാരാന്ത്യങ്ങളില്‍ എത്താറുണ്ടായിരുന്നത്. ടിക്കറ്റ് നല്‍കി നിയമപ്രകാരമുള്ള യാത്രയല്ല ഇവിടെ നടക്കുന്നത്. യാത്രക്കാരുടെ വിവരങ്ങളൊന്നും ശേഖരിക്കാറില്ല. പണം വാങ്ങി യാത്രക്കാരെ കയറ്റി സര്‍വ്വീസ് ആരംഭിക്കുകയാണ് പതിവ്. ഞായറാഴ്ചകളില്‍ തിരക്കേറുമ്പോള്‍ പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നതും പതിവാണ്.