താനൂർ: വെളിച്ചക്കുറവ് രക്ഷാദൗത്യത്തിന് തിരിച്ചടിയായി.താനൂർ തൂവൽതീരത്ത് അപകടത്തിൽപ്പെട്ട ബോട്ടിൽ അനുവദനീയമായതിലും അധികം ആളുകളെ ഉണ്ടായിരുന്നതായി സൂചന.
ബോട്ടിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ മുപ്പതോളം പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. യാത്രക്കാരുടെ എണ്ണം 70 വരെയാകാമെന്ന സൂചനകളും ഇവിടെനിന്ന് ലഭിക്കുന്നുണ്ട്. ഇതുവരെ ഇരുപതിലധികം പേരെ രക്ഷപ്പെടുത്തി. തീരത്തുനിന്ന് അവസാന ട്രിപ്പിനു പോയവരാണ് അപകടത്തിൽപ്പെട്ടത്.
വിനോദ സഞ്ചാരത്തിനെത്തിയ ആളുകളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. വൈകിട്ട് ആറരയോടെയാണ് താനൂരിനെ കണ്ണീർക്കടലാക്കി വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ബോട്ട് തലകീഴായി മറിഞ്ഞത്. അപകടത്തിൽപ്പെട്ട് 11 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ നാലു പേർ കുട്ടികളാണ്.
വൈകിട്ട് ആറരയോടെയുണ്ടായ അപകടത്തിൽ വെളിച്ചക്കുറവ് രക്ഷാദൗത്യത്തിന് തിരിച്ചടിയായി. അപകടം സംഭവിച്ച് അധികം വൈകാതെ വെളിച്ചം മങ്ങിയത് പ്രശ്നമായി. നാട്ടുകാരും ഇവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ചെറിയ തോണികളിലാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
ബോട്ട് മറിഞ്ഞത് ചെളി നിറഞ്ഞ ഭാഗത്തായതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഇതിനിടെ അപകടവിവരമറിഞ്ഞ് സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയതും പ്രശ്നം സൃഷ്ടിച്ചു. രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോൾ ബോട്ട് തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു. ഇവിടെനിന്ന് ആളുകളെ പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടക്കല്‍, താനൂരിലെ വിവിധ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രദേശത്തെ വീതി കുറഞ്ഞ വഴികളും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.




