വിഷവാതകം ശ്വസിച്ച് സഊദിയിൽ പ്രവാസി മരിച്ചു

റിയാദ്: വിഷവാതകം ശ്വസിച്ച് ആന്ധ്രാസ്വദേശി മരിച്ചു. ടോയ്‌ലെറ്റിലെ ബ്ലോക്ക് ഒഴിവാക്കാന്‍ ഒഴിച്ച ആസിഡില്‍ നിന്നുള്ള വാതകം ശ്വസിച്ചാണ് മരിച്ചത്. വെസ്റ്റ് ഗോദാവരി സ്വദേശി വെങ്കട്ട സത്യനാരായണന്‍ (35) ആണ് റിയാദ് അസീസിയയിലെ താമസ സ്ഥലത്തെ ടോയ്‌ലെറ്റില്‍ മരിച്ചത്.
മലയാളികള്‍ ഉള്‍പ്പെടെ നാല് കുടുംബം താമസിച്ചിരുന്ന വില്ലയിലെ താഴെ നിലയില്‍ താമസിച്ചിരുന്നവരാണ് ടോയ്‌ലെറ്റിലെ ബ്ലോക്ക് തീര്‍ക്കാന്‍ ആസിഡൊഴിച്ചത്.

വില്ലയിലെ എല്ലാ റൂമുകളിലും അസഹ്യമായ ഗന്ധമം അനുഭവപ്പെട്ടിരുന്നു. ഈ സമയത്ത് മുകള്‍ നിലയിലെ ടോയ്‌ലെറ്റിലായിരുന്ന സത്യനാരായണന്‍ വിഷവാതകം ശ്വസിച്ച് അവിടെ വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. അവിവാഹിതനായ ഇദ്ദേഹം സഹോദരിക്കൊപ്പമായിരുന്നു താമസം. ശ്വാസ തടസ്സം അനുഭവപ്പെട്ട സഹോദരിയെയും ഭര്‍ത്താവിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.