കുഞ്ഞിനെ മാറോടണച്ചുപിടിച്ച സഊദി സൈനിക ഉദ്യോഗസ്ഥയുടെ ഫോട്ടോ പകർത്തിയ ഫോട്ടോഗ്രാഫർക്ക്‌ ആദരം

ജിദ്ദ: ലോകമെങ്ങും വൈറലായ ഫോട്ടോയെടുത്ത സഊദി പ്രസ് ഏജൻസി ഫോട്ടോഗ്രാഫർ നിസാർ മഅ്തൂഖ് ഹസനൈന് മീഡിയ മന്ത്രി സൽമാൻ അൽദോസരിയുടെ ആദരം.

സുഡാനിൽ നിന്ന് സഊദി നാവിക സേനാ കപ്പലിൽ ഒഴിപ്പിച്ച കുടുംബത്തിന്റെ പിഞ്ചുകുഞ്ഞിനെ മാതൃസ്‌നേഹത്തോടെ മാറോടണച്ചുപിടിച്ച് സൗദി സൈനിക ഉദ്യോഗസ്ഥ താലോലിക്കുന്നതിന്റെ ദൃശ്യമാണ് നിസാർ മഅ്തൂഖ് ഹസനൈൻ ക്യാമറക്കണ്ണിലാക്കിയത്.

കപ്പലിൽ നിന്ന് ലഗേജുമായി പുറത്തിറങ്ങുന്നതിനിടെയാണ് യുവതിയുടെ കുഞ്ഞിനെ സൈനിക ഉദ്യോഗസ്ഥ കൈയിലെടുത്ത് സഹായിച്ചത്. സൈനിക ഉദ്യോഗസ്ഥയുടെ ഫോട്ടോയെടുത്ത സഊദി പ്രസ് ഏജൻസിയിൽ നിന്നുള്ള നിസാർ മഅ്തൂഖ് ഹസനൈനെ സ്വീകരിക്കാനും ആദരിക്കാനും സാധിച്ചതിൽ സന്തോഷിക്കുന്നതായി മീഡിയ മന്ത്രി സൽമാൻ അൽദോസരി ട്വീറ്റ് ചെയ്തു.

സൃഷ്ടി വൈഭവമുള്ള യുവാക്കളും യുവതികളും സഊദിയിലുണ്ട്. അവരുടെ കഴിവുകളിൽ ഞങ്ങൾ വിശ്വാസിക്കുകയും ശുഭാപ്തി വിശ്വാസം പുലർത്തുകയും ചെയ്യുന്നു. അവരിൽ നിന്ന് കൂടുതൽ സംഭാവനകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു – മന്ത്രി കൂട്ടിച്ചേർത്തു. ഏറ്റവും മികച്ച ചിത്രമായി ബ്രിട്ടനിലെ ഗാർഡിയൻ പത്രം ഈ ഫോട്ടോ തെരഞ്ഞെടുത്തിരുന്നു.