ഐ.എം.ഒ ഉൾപ്പെടെ 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു

0
13642

പ്രവാസികൾ ഉൾപ്പെടെ വ്യാപകമായി ഉപയോഗിച്ചിരുന്ന കോളിങ് ആപ് ആയിരുന്നു IMO

ന്യൂഡൽഹി: സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി 14 ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. ഐ.എം.ഒ മെസഞ്ചർ ഉൾപ്പെടെയുള്ള ആപ്പുകളാണ് നിരോധിച്ചത്. പാകിസ്താനിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കാനും സന്ദേശങ്ങൾ അയക്കാനും തീവ്രവാദികൾ ഈമെസഞ്ചർ മൊബൈൽ ആപ്പുകൾ ഉപയോഗിച്ചുവെന്നാണ് കേന്ദ്ര സർക്കാറിന്റെ റിപ്പോർട്ട്. പ്രവാസികളും കുടുംബങ്ങളും വീഡിയോ കാൾ ചെയ്യാനായി വളരെയേറെ ഉപയോഗിക്കുന്ന ആപ്പാണ് ഐഎംഒ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രിപ്‌വൈസർ, എനിഗ്മ, സേഫ്‌വിസ്, വിക്കർ മീ, മീഡിയഫയർ, ബ്രയാർ, ബിചാറ്റ്, നാൻഡ്‌ബോക്‌സ്, കോൺയോൺ, ഐഎംഒ, എലമെന്റ്, സെക്കന്റ് ലൈൻ, സാംഗി, ത്രീമ തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ ആപ്പുകൾ വഴി ജമ്മു കശ്മീരിലെ തീവ്രവാദികൾ അവരുടെ അണികളുമായി സന്ദേശങ്ങൾ കൈമാറിയെന്നാണ് കേന്ദ്ര സർക്കാറിന്റെ കണ്ടെത്തൽ. രഹസ്യാന്വേഷണ ഏജൻസികളും പ്രതിരോധ സുരക്ഷാ ഏജൻസികളും നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. 2000ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരമാണ് ആപ്പുകൾ നിരോധിച്ചത്.

കശ്മീരിലെ ഭീകരവാദികൾ, അവരെ പിന്തുണയ്ക്കുന്നവരുമായും മറ്റ‌ു ഭീകരവാദികളുമായും ആശയവിനിമയം നടത്തുന്നതിന് ഈ മെസഞ്ചർ ആപ്പുകൾ ഉപയോഗിക്കുന്നതായി ഒന്നിലധികം സുരക്ഷാ ഏജൻസികൾ കണ്ടെത്തി. ഈ ആപ്പുകൾക്ക് ഇന്ത്യയിൽ പ്രതിനിധികളില്ല. അതിനാൽ തന്നെ രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്ന വിവരങ്ങൾ തേടുന്നതിന് അവരെ ബന്ധപ്പെടാൻ കഴിയില്ലെന്നതും നിരോധനത്തിന് കാരണമായിട്ടുണ്ട്. പല ഘട്ടങ്ങളിലും സർക്കാർ ആപ്പുകളുടെ മാനേജ്മെന്‍റുമായി ബന്ധപ്പെടുന്നതിന് ശ്രമിച്ചെങ്കിലും ഇവർക്ക് ഇന്ത്യയിൽ ഓഫിസില്ലാത്തത് പ്രതിസന്ധിയായി.

ഈ ആപ്പുകൾ ജമ്മു കശ്മീരിലെ യുവാക്കളുടെ ഇടയിൽ ഭീകരവാദം പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതായി മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ ഭീകരവാദികളുടെ ആശയവിനിമയ ഉപാധികൾ തകർക്കുന്നതിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സർക്കാർ ശ്രമിക്കുകയാണ്. നിരോധിക്കപ്പെട്ട ആപ്പുകൾക്ക് വ്യത്യസ്‌ത രാജ്യങ്ങളിൽ സെർവറുകളുണ്ട്. ഇവയുടെ ഉറവിടം കണ്ടെത്തുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കനത്ത എൻക്രിപ്ഷൻ കാരണം ഇവയിൽ നിന്നും ഡേറ്റ ശേഖരിക്കുന്നതിനും സാധിക്കുന്നില്ലെന്നതും നിരോധനത്തിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക