ജിദ്ദ – ഇരുമ്പ് ചോല മഹല്ല് കമ്മിറ്റി ഈദ് സംഗമം നടത്തി

റിയാദ്: നാലു പതിറ്റാണ്ടിലേറെ കാലമായി നാട്ടിലെ മത സാമൂഹ്യ സാംസ്കാരിക സേവന രംഗത്ത്‌ സഹായ ഹസ്തമായി പ്രവർത്തിക്കുന്ന മലപ്പുറം എ. ആർ നഗർ ഇരുമ്പുചോല മഹല്ല് – ജിദ്ദ കമറ്റി വാർഷിക ജനറൽ ബോഡി യോഗവും ഈദ് സംഗമവും നടത്തി. ശറഫിയ സഫയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് പെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച പരിപാടി ജിദ്ദ എസ് ഐ സി ദഅവ വിംഗ് ചെയർമാൻ മുസ്തഫ ബാഖവി ഊരകം ഉദ്ഘാടനം ചെയ്‌തു.

സമൂഹത്തിൽ വ്യാപകമാവുന്ന കുടുംബത്തകർച്ച, അനുദിനം നടക്കുന്ന കുറ്റകൃത്യങ്ങൾ, മയക്കു മരുന്നിന് അടിമപ്പെടൽ, ആത്മഹത്യ പ്രേരണ തുടങ്ങിയ സാമൂഹിക അശാന്തിക്കും മാനസിക സംഘർഷാവസ്ഥക്കും കാരണം സൃഷ്ടാവുമായുള്ള അകൽച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. സൃഷ്ടവുമായി ദൃഢമായ ബന്ധം വളർത്തി മനുഷ്യർ കരുണ, അനുകമ്പ, ദയ തുടങ്ങിയ ദൈവിക ഗുണങ്ങൾ ഉൾക്കൊള്ളുന്ന സമ്പൂർണ ഇസ്‌ലാമിക മൂല്യങ്ങളും ജീവിത സംഹിതയും ഉൾക്കൊണ്ട് ജീവിക്കുക എന്നതാണ് ഇതിനുള്ള പരിഹാരമെന്നും അദ്ദേഹം വിശദീകരിച്ചു.

അന്നപാനീയങ്ങൾ വെടിഞ്ഞ് റമദാനിൽ നേടിയ ആത്മവിശുദ്ധി പരസ്പര സ്നേഹ ബന്ധങ്ങൾ വീണ്ടെടുക്കുവാനും മത മൈത്രിയും വിശ്വാസവും പൈതൃകവും പൂർവികർ കാത്ത് സൂക്ഷിച്ച പാരമ്പര്യവും സംരക്ഷിക്കാൻ നമുക്ക് കരുത്താവണമെന്ന് അദ്ദേഹം പറഞ്ഞു. നന്മകൾ നട്ടു വളർത്തൽ ഒരു ബാധ്യതയായി ഏറ്റെടുത്ത് നാട്ടിലെ പാവങ്ങൾക്കും അശരണർക്കും സഹായം ചെയ്യുന്ന ജിദ്ദ – ഇരുമ്പ് ചോല മഹല്ല് കൂട്ടായ്മയുടെ പ്രവർത്തനം മാതൃകാപരമാണെന്നും മുസ്തഫ ബാഖവി പറഞ്ഞു.

പരിപാടിയിൽ പ്രസിഡന്റ്‌ മുസ്തഫ ചെമ്പൻ അധ്യക്ഷത വഹിച്ചു. കമ്മറ്റിയുടെ രണ്ട് വർഷത്തെ പ്രവർത്തന- സാമ്പത്തിക റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിച്ചു. ഇ. കെ അസീസ് ഹാജി, മജീദ് ഹാജി കാവുങ്ങൽ, മജീദ് പുളിശ്ശേരി, മുഹമ്മദലി പുതുക്കുടി, ഒസി ലത്തീഫ്, ശിഹാബ് പാറക്കാട്ട്, മുസ്തഫ മുട്ടിയാറ, റഫീഖ് പാറക്കാട്ട്, മുനീർ പി.കെ, ബഷീർ കാവുങ്ങൽ, ഫഹദ് പുതുക്കിടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അന്തരിച്ച എ. ആർ നഗർ മുൻ പഞ്ചായത്ത് പ്രസിഡണ്ടും ഇരുമ്പുചോല പള്ളി- മദ്രസ്സ ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പി. എം ഹബീബുല്ല അനുസ്മരണ പ്രഭാഷണം കംഫർട്ട് ട്രാവൽസ് മാനേജിംഗ് പാർട്ട്ണർ ഒസി സെയ്ദ് നിർവ്വഹിച്ചു.

ആരിഫ് ചെമ്പൻ, ഖാലിദ് തോട്ടുങ്ങൽ, ഇസ്മായിൽ കാവുങ്ങൽ, നജ്മുദ്ദീൻ പുതുക്കിടി, അബൂബക്കർ സിദ്ദിഖ് എംകെ, അബ്ദുറഹ്മാൻ പുള്ളിശ്ശേരി, ജെബിൻ കാടെങ്ങൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജിദ്ദ ഇന്ത്യൻ എംബസി സ്കൂൾ വിദ്യാർത്ഥി യാസീൻ മേലാറ്റൂർ ഖിറാഅത് നടത്തി. കാവുങ്ങൽ അഷ്‌റഫ്‌ സ്വാഗതവും
ട്രഷറർ ഇ. കെ മുജഫർ നന്ദിയും പറഞ്ഞു.