സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് തുടരുന്നു; പതിനൊന്നാമത്തെ ഇന്ത്യന്‍ സംഘം ഇന്നലെ ജിദ്ദയിലെത്തി

0
912

ജിദ്ദ: സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് തുടരുന്നു. പതിനൊന്നാമത്തെ ഇന്ത്യന്‍ സംഘം ഇന്നലെ ജിദ്ദയിലെത്തി. ഇവരെ നാട്ടിലേക്ക് അയക്കാനുള്ള നടപടികളും തുടരുന്നു.

ദല്‍ഹിയിലേക്കും ബംഗളൂരുവിലേക്കും ഇന്നലെ ഓരോ വിമാനങ്ങളെത്തി. സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒഴിപ്പിക്കലും തുടരുകയാണ്.
സുഡാനില്‍നിന്ന് കപ്പലുകള്‍ വഴി കിംഗ് ഫൈസല്‍ നാവിക താവളത്തിലും വിമാനങ്ങള്‍ വഴി കിംഗ് അബ്ദുല്ല വ്യോമ താവളത്തിലും എത്തുന്നവരെ ബസുകളില്‍ ഹോട്ടലുകളിലേക്ക് മാറ്റുകയാണ് സഊദി ദൗത്യസംഘം ചെയ്യുന്നത്.

ജവാസാത്ത് ഡയറക്ടറേറ്റ് സൗദിയിലേക്കുള്ള പ്രവേശന നടപടികള്‍ എളുപ്പമാക്കുകയും തല്‍ക്ഷണം വിസകള്‍ അനുവദിക്കുകയും ചെയ്യുന്നു. ഹോട്ടലുകളിലാണ് താമസ സൗകര്യം. മെഡിക്കല്‍ പരിചരണങ്ങളും മറ്റ് സഹായങ്ങളും നല്‍കുന്നുണ്ട്. സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതുവരെ ഇവര്‍ക്ക് മൂന്നു നേരവും ഭക്ഷണം എത്തിക്കുന്നുണ്ട്.
ഇന്നലെ രാവിലെ വരെ സുഡാനില്‍നിന്ന് സഊദി അറേബ്യ 2,991 പേരെ ഒഴിപ്പിച്ചു. 119 പേര്‍ സൗദി പൗരന്മാരും 2,872 പേര്‍ 80 രാജ്യക്കാരുമാണ്. ഇന്നലെ രാവിലെ സൗദി നാവിക സേനാ കപ്പലില്‍ 195 പേരെ ഒഴിപ്പിച്ച് ജിദ്ദ കിംഗ് ഫൈസല്‍ നാവിക താവളത്തിലെത്തിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍, ഫലസ്തീന്‍, തായ്‌ലന്റ്, മൗറിത്താനിയ, ശ്രീലങ്ക, അമേരിക്ക, പോളണ്ട്, ബ്രിട്ടന്‍, ഓസ്ട്രിയ, ഇന്തോനേഷ്യ, കാനഡ, ഇറാഖ്, ഈജിപ്ത്, ഓസ്‌ട്രേലിയ, സിറിയ എന്നീ രാജ്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്.