റിയാദ്: റിയാദ് മേഖലയിലെ ഹുറൈമില ഗവർണറേറ്റിൽ കനത്ത മഴയിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഒരാളെ രക്ഷാപ്രവർത്തകർ രക്ഷിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് ശേഷം, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ (മുറൂർ) സഹകരണത്തോടെ വാഹന ഉടമയ്‌ക്കെതിരെ നടപടി സ്വീകരിച്ചതായി സിവിൽ ഡിഫൻസ് അതിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.
കനത്ത മഴയിൽ വെള്ളം കയറിയ താഴ്‌വരയിലൂടെ ജീവൻ പണയപ്പെടുത്തി ഡ്രൈവർ നിയമലംഘനം നടത്തി.
അപകട സാധ്യത കണക്കിലെടുത്ത് മഴക്കാലത്ത് മൂന്ന് സ്ഥലങ്ങളെ സമീപിക്കരുതെന്നും വെള്ളപ്പൊക്കത്തിൽ മുങ്ങിമരിക്കുകയോ ഒലിച്ചുപോകുകയോ ചെയ്യാതിരിക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴക്കാലത്ത് ജനങ്ങൾ മുൻകരുതൽ എടുക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ നിന്നും താഴ്‌വരകളിൽ നിന്നും മാറി നിൽക്കണമെന്നും നിർദ്ദേശമുണ്ട്.