സുഡാനിൽ നിന്നും സുരക്ഷിതമായി ജിദ്ദയിൽ എത്തിയതിന്റെ സംതൃപ്തിയിൽ മലയാളികൾ

0
2105

ജിദ്ദ: മാനന്തവാടി വെള്ളമുണ്ട കണ്ടത്തുവയൽ ഫൗസിയ ജിബിൻ, മക്കളായ ആദം അലി, ആയങ്കി ഫാത്തിമ അസ എന്നിവർ ഉൾപ്പെടെ 16 മലയാളികളാണ് 278 പേരടങ്ങുന്ന ആദ്യ സംഘത്തിൽ സുഡാനിൽ നിന്നും ജിദ്ദയിൽ എത്തിയത്.

8 വർഷമായി സുഡാനിൽ ജോലി ചെയ്യുന്ന ഭർത്താവ് മുഹമ്മദ് ഷമീമിന് ദുബായിലേക്കു ജോലി മാറ്റം ലഭിച്ചതിനെ തുടർന്ന് ഫൗസിയ ജിബിനും മക്കളും സുഡാനിൽ തനിച്ചായിരുന്നു. കുടുംബത്തെ ദുബായിലേക്കു കൊണ്ടുവരാൻ താമസം ശരിപ്പെടുത്താനായി നേരത്തെ യുഎഇയിൽ എത്തിയതായിരുന്നു ഷമീം. ഇതിനിടെ സുഡാനിൽ യുദ്ധം ആരംഭിച്ചതോടെ ഫൗസിയയും മക്കളും അവിടെ കുടുങ്ങി.

സുഡാൻ കുടുംബത്തിന്റെ സഹായത്തോടെ തുറമുഖത്ത് എത്തി വ്യോമസേനാ കപ്പലിൽ ജിദ്ദയിൽ എത്തിയ ഫൗസിയ ജിബിനും മക്കളും ഭർത്താവ് ഷമീമിനൊപ്പം ദുബായിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. യുദ്ധം രൂക്ഷമായ സുഡാനിൽ ജനജീവിതം ദുരിതപൂർണമായിരുന്നുവെന്ന് ഖാർത്തൂമിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി സോഫിയ പറഞ്ഞു.

ഏതാനും ദിവസമായി ശുദ്ധജലവും വൈദ്യുതിയും ഇല്ലായിരുന്നു.  ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയെ അതിജീവിച്ച കാര്യം പറയുമ്പോൾ സോഫിയ വിതുമ്പി. ക്ഷേമം അന്വേഷിക്കാൻ ആരെങ്കിലും വന്നെങ്കിൽ എന്ന് ആശിച്ചുപോയ നിമിഷങ്ങൾ. ഇന്ത്യൻ സൈനിക കപ്പലായ ഐഎൻഎസ് സുമേധയിൽ എത്തിയ നിമിഷം മാത്രമാണ് സുരക്ഷിതമായെന്ന തോന്നലുണ്ടായത്. കപ്പലിൽ കയറി ഉടൻ എന്താണ് കഴിക്കാൻ വേണ്ടതെന്ന് ചോദിച്ചപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി.

ഇതുവരെ ആരും ചോദിക്കാത്ത ചോദ്യം.  മെഡിക്കൽ സംഘം ആരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തി. ഇനി സുരക്ഷിതമായി ഇന്ത്യയിൽ എത്താമെന്ന പ്രതീക്ഷയിലാണ്. ചെറിയ മക്കളുമായി ഭക്ഷണവും വെള്ളവുമില്ലാതെ കഴിയേണ്ടിവന്ന ദുരവസ്ഥ മറ്റൊരു കുടുംബവും പങ്കുവച്ചു.