സഊദി അറേബ്യയുടെ നേതൃത്വത്തിൽ സുഡാനിൽ നിന്ന് ഒഴിപ്പിച്ച ആളുകളെയും വഹിച്ചുകൊണ്ടുള്ള കപ്പലുകൾ ജിദ്ദയിലെത്തി

0
2340

ജിദ്ദ: സഊദി അറേബ്യയുടെ നേതൃത്വത്തിൽ
സുഡാനിൽ നിന്ന്
ഒഴിപ്പിച്ച ആളുകളെയും വഹിച്ചുകൊണ്ടുള്ള കപ്പലുകൾ ജിദ്ദയിലെത്തി. നയതന്ത്രജ്ഞരും രാജ്യന്തര ​ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി സഹോദര-സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരും റോയൽ സൗദി നേവൽ ഫോഴ്‌സ് നടത്തിയ ഒഴിപ്പിക്കലിലൂടെ ജിദ്ദയിലെത്തിയതായാണ്​ വിവരം.

പെരുന്നാൾ പ്രമാണിച്ച് സൈനിക വിഭാഗങ്ങൾ മൂന്നു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.ഇത് ഉപയോഗപ്പെടുത്തിയാണ് ഒഴിപ്പിക്കൽ ആരംഭിച്ചിരിക്കുന്നത്. വിവിധ രാഷ്ട്രത്തലവൻമാർ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുഡാൻ പ്രസിഡന്റും സായുധ സേന കമാൻഡർ ഇൻ ചീഫുമായ ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ ഫത്താഹ് അൽബുർഹാനെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സുഡാൻ സൈന്യം ട്വീറ്റ് ചെയ്തു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ സുഡാനിലുള്ള അവരുടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും സൈനിക വിമാനങ്ങളിലാണ് ഖാർത്തൂമിൽ നിന്ന് ഒഴിപ്പിക്കുന്നത്.

സൽമാൻ രാജാവി​ന്റെയും കിരീടാവകാശി  മുഹമദ്​ ബിൻ സൽമാ​ന്റെയും ഉത്തരവിനെ തുടർന്നാണ്  ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചത്. ശനിയാഴ്​ച ഉച്ചക്ക്​ ശേഷമാണ് ആദ്യ കപ്പൽ ജിദ്ദ തുറമുഖത്തെത്തിയത്​. 50 സൗദി പൗരന്മാരും മറ്റ്​ വിവിധ രാജ്യക്കാരുമാണ്​ ആ കപ്പിലുണ്ടായിരുന്നത്​. ഇതിൽ  ഇന്ത്യാക്കാരും ഉണ്ട്​. തുടർന്നും നിരവധി കപ്പലുകളെത്തി.

സഊദിയെയും ഇന്ത്യയെയും കൂടാതെ കുവൈത്ത്, ഖത്തർ, യു.എ.ഇ, ഈജിപ്ത്, തുനീഷ്യ, പാകിസ്​താൻ, ബൾഗേറിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, കാനഡ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും രക്ഷപ്പെടുത്തി ജിദ്ദയിലെത്തിച്ചവരിലുണ്ട്​.

ഖർതൂം വിമാനത്താവളത്തിൽ ആക്രമിക്കപ്പെട്ട സഊദി എയർലൈൻസ്​ വിമാനത്തിലെ ജീവനക്കാരും എത്തിയവരുടെ കൂട്ടത്തിലുണ്ട്​​. ഇതുവരെ 91 സഊദി പൗരന്മാരെയും വിവിധ രാജ്യക്കാരായ ഏകദേശം 66 ആളുകളെയും സൗദിയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി​​.

കപ്പലിലെത്തിയവരെ സഊദി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി എൻജി. വലീദ്​ അൽഖുറൈജ്​ സ്വീകരിച്ചു. സുരക്ഷിതമായി ജിദ്ദയിലെത്താൻ കഴിഞ്ഞതിലുള്ള സന്തോഷം അവർ പ്രകടിപ്പിച്ചു. ജിദ്ദയിലെത്തിയ വിദേശ പൗരന്മാർക്ക്​ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും അതത്​ രാജ്യങ്ങളിലേക്ക്​ പോകുന്നതിനുള്ള യാത്രാസൗകര്യങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്​ സഊദി അറേബ്യ.