കോഴിക്കോട്: സംസ്ഥാനത്ത് ഏഴ് സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പി.വി.സി പെറ്റ്ജി കാര്‍ഡിലുള്ള ഡ്രൈവിങ് ലൈസന്‍സ് നിലവില്‍ വരുന്നു. ഏപ്രില്‍ 20-ന് പുതിയ ലൈസന്‍സ് കാര്‍ഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലെ ഡ്രൈവിങ്ങ് ലൈസന്‍സ് നല്‍കുമ്പോള്‍ കേരളത്തിലെ ലൈസന്‍സ് പേപ്പറില്‍ പ്രിന്റ് ചെയ്ത ലാമിനേറ്റ് ചെയ്യുന്ന രൂപത്തിലായിരുന്നു.
ഇതില്‍ മാറ്റം വേണമെന്നും നിലവാരമുള്ള ലൈസന്‍സ് കാര്‍ഡുകള്‍ വേണമെന്നുമുള്ളത് മലയാളികളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു.
ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍ ബാലഗോപാല്‍ പി.വി.സി പെറ്റ്ജി ഡ്രൈവിങ് ലൈസന്‍സ് ഏറ്റുവാങ്ങും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നിയമ മന്ത്രി പി. രാജീവ്, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ എന്നിവര്‍ പങ്കെടുക്കും.
കേവലം സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പി.വി.സി. പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നിലവില്‍ വരുന്നത്. സീരിയല്‍ നമ്പര്‍, യു.വി. എംബ്ലം, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്‌സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ.ആര്‍. കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് കേരളം നല്‍കുന്ന പുതിയ പുതിയ ലൈസന്‍സ് കാര്‍ഡില്‍ നല്‍കുക.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.




