തൃണമൂല്‍ നേതാവ് മുകുള്‍ റോയി എവിടെ? കാണാനില്ലെന്ന് മകന്‍; ഡല്‍ഹിയില്‍ പോകാനിറങ്ങി,പിന്നീട് ഒരുവിവരവുമില്ല

0
553

കൊൽക്കത്ത: മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന് മകൻ സുഭ്രഗ്ഷു റോയ്. തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലേക്ക് തിരിച്ച മുകുൾ റോയിയെ പിന്നീട് കണ്ടിട്ടില്ലെന്ന് മകനെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതുവരെ പിതാവിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ യാതൊരു വിവരവുമില്ലെന്നും മകൻ പറഞ്ഞു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകുന്നേരം ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ട മുകുൾ റോയ്, രാത്രി 9 മണിയോടെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

മകൻ സുഭ്രഗ്ഷു റോയിയുമായി മുകുൾ റോയ് തർക്കത്തിൽ ഏർപ്പെട്ടിരുന്നതായും ഇതിന് പിന്നാലെയാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചതെന്നുമുള്ള റിപ്പോർട്ടുകളും ഉണ്ട്. കാണാതായതിന് പിന്നാലെ സുഭ്രഗ്ഷു റോയ് വിമനാനത്താവളത്തിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

ഭാര്യയുടെ മരണശേഷം ശാരീരികാസ്വാസ്ഥ്യം നേരിട്ടിരുന്ന മുകുൾ റോയിയെ കഴിഞ്ഞ ഫെബ്രുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിലെ സ്ഥാപക നേതാവും മുൻ റെയിൽവേ മന്ത്രിയുമായിരുന്ന മുകുൾ റോയ് 2017-ൽ പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. എന്നാൽ, 2021-ൽ അദ്ദേഹം വീണ്ടും തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക