റിയാദ്: സഊദി അറേബ്യയുമായി സഹകരണ ധാരണയില്‍ എത്താമെന്ന ഇസ്‌റാഈൽ മോഹത്തിന് തിരിച്ചടി. സഊദിയുമായി നല്ല ബന്ധം സ്ഥാപിക്കുമെന്ന് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിക്കുകയും അതിലേക്കുള്ള ചുവടുവയ്പ്പുകള്‍ നടത്തുകയും ചെയ്തിരുന്നെങ്കിലും ഇറാനുമായുള്ള പുതിയ ചങ്ങാത്തം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇസ്‌റാഈമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ഇടക്കാലത്ത് ശ്രമങ്ങള്‍ നടത്തിയിരുന്ന സഊദി അറേബ്യ, വെസ്റ്റ് ബാങ്കില്‍ അടുത്തകാലത്തുണ്ടായ ഇസ്‌റാഈൽ അക്രമങ്ങളും മസ്ജിദുല്‍ അഖ്‌സയ്ക്ക് നേരെ അവര്‍ നടത്തുന്ന അതിക്രമങ്ങളും കാരണമാണ് ആ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റ ബെഞ്ചമിന്‍ നെതന്യാഹു, സഊദിയുമായി എബ്രഹാം ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്‌റാഈൽ-പലസ്തീന്‍ സംഘര്‍ഷങ്ങള്‍ കാരണം പരസ്യമായി കരാറുമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സഊദി വിമുഖത കാണിക്കുകയായിരുന്നു. ഇതോടെ, ഇസ്‌റാഈലിലെ മുസ്‌ലിം പൗരന്മാര്‍ക്ക് വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ എളുപ്പത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതിനായി ടെല്‍ അവീവില്‍ നിന്ന് മക്കയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന നീക്കവും പ്രതിസന്ധിയിലായിരിക്കുകയാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




