റമദാനിലെ ഭിക്ഷാടനം; ഒരു കുടുംബമടക്കം 116 പേർ പിടിയിൽ

0
1433

ദുബായ്: ഭിക്ഷാടനം നടത്തിയ കുടുംബമടക്കം നൂറിലേറെ പേർ ദുബായിൽ പിടിയിൽ. രണ്ട് സഹോദരന്മാരും അവരുടെ ഭാര്യമാരും ഒരു കുട്ടിയും ഒരു പള്ളിക്ക് സമീപം ഭിക്ഷ യാചിക്കുമ്പോഴാണ് പിടിയിലായത്.
സന്ദർശക വീസയിലെത്തിയാതായിരുന്നു ഇവർ.

വികലാംഗരാണെന്ന് അവകാശപ്പെട്ടായിരുന്നു യാചനയെന്ന്  ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഡയറക്ടർ മേജർ ജനറൽ ജമാൽ സാലെം അൽ ജലാഫ് പറഞ്ഞു. റമസാനിൽ ഭിക്ഷാടനത്തിനെതിരെയുള്ള ക്യാംപെയിൻ പൊലീസ് കർശനമാക്കിയിരിക്കുകയാണ്.

റമദാന്റെ ആദ്യ പകുതിയിൽ 116 യാചകരെ പിടികൂടിയതായി മേജർ ജനറൽ അൽ ജലാഫ് പറഞ്ഞു. ഇവരിൽ 59 പുരുഷന്മാരും 57 സ്ത്രീകളും ഉൾപ്പെടുന്നു. വിവിധ തുകകളുമായാണ് ഇവർ പിടിയിലായത്. ഭിക്ഷാടകരുടെ അഭ്യർഥനകളോട് ഒരിക്കലും പ്രതികരിക്കരുത് എന്ന പൊലീസിന്റെ മുന്നറിയിപ്പ് അധികൃതർ ആവർത്തിച്ചു.‌ ഭിക്ഷാടകരിൽ ഭൂരിഭാഗവും രാജ്യത്തിനു പുറത്തുനിന്ന് പ്രവർത്തിക്കുന്ന സിൻഡിക്കേറ്റിന്റെ ഭാഗമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സന്ദർശക വീസയിൽ എത്തിച്ച് ആളുകളെ  പ്രത്യേകിച്ച് തെരുവുകളിൽ ഭിക്ഷ യാചിക്കാൻ നിയോഗിക്കുകയാണ് ചെയ്യുന്നത്. ഭിക്ഷാടനം യുഎഇയിൽ കുറ്റകരമാണ്. ദുബായ് പൊലീസിന്റെ ‘ഐ’ പ്ലാറ്റ്‌ഫോമായ കോൾ സെന്റർ 901 വഴിയോ ഇ-ക്രൈം സർവീസ് വഴിയോ യാചകരെ റിപ്പോർട്ട് ചെയ്യാൻ മേജർ ജനറൽ അൽ ജല്ലാഫ് പൊതുജനങ്ങളെ ആഹ്വാനം ചെയ്തു.