കൊവിഡ് കേസുകൾ അടുത്ത ഏതാനും ദിവസങ്ങളിൽ ഉയരുകയും ശേഷം ശമിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ആരോ​ഗ്യ വകുപ്പ്

0
810

ന്യൂഡൽഹി: അടുത്ത പത്തു മുതൽ പന്ത്രണ്ടു വരെയുള്ള ദിവസങ്ങൾ കൂടി കൊവിഡ് കേസുകൾ ഉയരുകയും ശേഷം ശമിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ആരോ​ഗ്യ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. രോ​ഗനിരക്ക് ഉയരുകയും ശേഷം കെട്ടടങ്ങുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നതെന്ന് എൻ.ഡി ടി.വി. റിപ്പോർട്ട് ചെയ്യുന്നു.

രോ​ഗനിരക്ക് വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പറയുന്നുണ്ട്. നിലവിൽ ചില പ്രദേശങ്ങളിൽ മാത്രമാണ് കോവിഡ് കേസുകൾ ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,830 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴു മാസത്തിനിടെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.

അണുബാധ കൂടിയാലും ആശുപത്രിവാസത്തിന്റെ നിരക്ക് കുറവായിരിക്കും എന്നാണ് വിലയിരുത്തൽ. നിലവിലെ കോവിഡ് കേസുകൾക്ക് കാരണമായ XBB.1.16 എന്ന ഒമിക്രോൺ ഉപവകഭേദത്തിന് വാക്സിൻ ഫലപ്രദമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതർ പറയുന്നു. ഫെബ്രുവരിയിൽ രോ​ഗവ്യാപന നിരക്ക് 21.6% ആയിരുന്നത് മാർച്ചിൽ 35.8% ആയിരുന്നു.