വാര്‍ത്തകളില്‍ ഇടം പിടിച്ച് നന്ദിനി; ഫാഷന്‍ ഡിസൈനിങ്ങ് ഉപേക്ഷിച്ച് വഴിയോരക്കച്ചവടം നടത്തുന്നു

0
2625

വഴിയരികില്‍ നന്ദിനി നടത്തുന്ന ഫുഡ് സ്റ്റാളിപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഫാഷന്‍ ഡിസൈനിങ്ങാണ് പഠിച്ചതെങ്കിലും ജീവിക്കാനായി റോഡരുകില്‍ ഫുഡ് സ്റ്റാള്‍ നടത്തുകയാണ് കൊല്‍ക്കത്ത സ്വദേശിയായ നന്ദിനി ഗാംഗുലി.

പരമ്പരാഗത ബംഗാളി വിഭവങ്ങളാണ് നന്ദിനിയുടെ ഫുഡ് സ്റ്റാളിലുള്ളത്. നന്ദിനിയുടെ അച്ഛന് റബ്ബര്‍ ബിസിനിസായിരുന്നു. എന്നാല്‍ കോറോണവ്യാപനത്തില്‍ അത് അടച്ചുപൂട്ടേണ്ടി വന്നു. തുടര്‍ന്ന് മാതാപിതാക്കളെ സഹായിക്കാനാണ് തന്റെ ജോലിയുപേക്ഷിച്ച് വഴിയോരഭക്ഷണശാലയിലേയ്ക്ക് നന്ദിനിയെത്തുന്നത്. തന്റെ ഹോബി കൂടിയായ പാചകം നന്നായി ചെയ്യുകയും ആളുകളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. എങ്കിലും ഫാഷനിലുള്ള താത്പര്യം നന്ദിനി ഉപേക്ഷിച്ചില്ല. നല്ല സ്റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിക്കുന്നതിലും കക്ഷി ശ്രദ്ധ പുലർത്താറുണ്ട്.

ഒരു ഫുഡ് വ്‌ളോഗര്‍ വീഡിയോ ചെയ്തതിനു പിന്നാലെയാണ് നന്ദിനിയുടെ കഥ ലോകം അറിയുന്നത്. ആ വീഡിയോ വൈറലായതോടെ നിരവധിപേരാണ് നന്ദിനിയുടെ ഫുഡ്സ്റ്റാളിനെക്കുറിച്ച് വീഡിയോ ചെയ്യാനെത്തിയത്. അതിരാവിലെ തന്നെ നന്ദിനി ഫുഡ് സ്റ്റാളിലെത്തും.

നല്ല ഭക്ഷണം മാത്രമാണ് നന്ദിനി തന്റെ ഫുഡ്സ്റ്റാളില്‍ വില്‍ക്കുന്നത്. ഭക്ഷണത്തിന് മിതമായ വില മാത്രമാണ് ഈടാക്കുന്നത്. ബംഗാളി വെജ് താലി, ചിക്കന്‍ താലി, മട്ടണ്‍ താലി, മീന്‍ താലി തുടങ്ങിയ വിഭവങ്ങളെല്ലാം ഇവിടെ ലഭിക്കും. നന്ദിനിയെക്കുറിച്ചുള്ള വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.