അബുദാബി: നിർത്തലാക്കിയ എയർ ഇന്ത്യയുടെ ദുബൈ- കോഴിക്കോട് (എ.ഐ 998) റൂട്ടിൽ ടിക്കറ്റുകൾ മാറ്റിനൽകുന്നു. മാർച്ച് 26നുശേഷം യാത്രചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് മാറ്റിനൽകുന്നത്. കൊച്ചിയിലേക്ക് യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് എയർ ഇന്ത്യയുടെ ദുബൈ-കൊച്ചി വിമാന സർവിസിലേക്കാണ് മാറ്റിനൽകുക.
കോഴിക്കോട്ടുതന്നെ ഇറങ്ങണമെന്നുള്ളവർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ രാത്രി 11.40 നുള്ള ദുബൈ-കോഴിക്കോട് വിമാനത്തിലേക്ക് മാറ്റിനൽകും. ടിക്കറ്റ് കാൻസൽ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകും. പെരുന്നാൾ അവധികളും വേനലവധിയും മുന്നിൽക്കണ്ട് പലരും ഈ വിമാനത്തിൽ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇതിൽ പലരുടെയും ടിക്കറ്റുകൾ ദുബൈ-കൊച്ചി വിമാന സർവിസിലേക്ക് മാറ്റിനൽകിയിട്ടുണ്ട്.
കോഴിക്കോട്ടേക്കുതന്നെ യാത്ര ചെയ്യേണ്ടവർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ രാത്രിയുള്ള ദുബൈ-കോഴിക്കോട് വിമാനത്തിലേക്ക് മാറ്റിനൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് ഷാർജയിലെ സെയിൽസ് ടീം അറിയിക്കുന്നത്. മാർച്ച് 25നാണ് എയർ ഇന്ത്യയുടെ ദുബൈ-കോഴിക്കോട്, ഷാർജ-കോഴിക്കോട് സർവിസുകൾ നിർത്തലാക്കിയത്. ഷാർജ-കോഴിക്കോട് റൂട്ടിൽ ടിക്കറ്റ് ബുക്കിങ് മാസങ്ങൾക്കു മുമ്പേ നിർത്തിവെച്ചിരുന്നു.
എന്നാൽ, ദുബൈ-കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ വേനൽക്കാല ഷെഡ്യൂൾ നേരത്തേ പ്രഖ്യാപിക്കുകയും മാർച്ച് ആദ്യം വരെ ബുക്കിങ് തുടരുകയും ചെയ്തു. ഈ സർവിസുകൾക്കു പുറമെ ദുബൈയിൽനിന്നും മുംബൈ, ഡൽഹി, ഗോവ, ഇൻഡോർ എന്നീ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്‍റെയും ഏതാനും സർവിസുകളും വേനൽക്കാല ഷെഡ്യൂളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഈ വിമാനങ്ങളിൽ യാത്രചെയ്യാൻ ടിക്കറ്റെടുത്തവരുടെ ടിക്കറ്റുകളും മാറ്റി നൽകും. ഇനിയും ടിക്കറ്റുകൾ മാറ്റിയെടുക്കാത്തവർക്ക് എയർഇന്ത്യയുടെയും എയർഇന്ത്യ എക്സ്പ്രസിന്‍റെയും സെയിൽസ് ടീമിനെ ഫോൺ മുഖേന ബന്ധപ്പെട്ട് ടിക്കറ്റുകൾ മാറ്റി ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ: എയർ ഇന്ത്യ: 06 5970444, എയർഇന്ത്യ എക്സ്പ്രസ് 06 5970303.




