വിസ സ്റ്റാമ്പിംഗിൽ പുതിയ പരിഷ്‌കാരം; സഊദി അറേബ്യയിലേക്കുള്ള എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് ഇനി മുതൽ വി എഫ് എസ് വഴി മാത്രം

0
7296

ജിദ്ദ: സഊദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ ഒഴികെയുള്ള
ടൂറിസ്റ്റ് വിസ, റെസിഡൻസ് വിസ, പേഴ്‌സണൽ വിസിറ്റ്, സ്റ്റുഡന്റ്‌സ് വിസ തുടങ്ങിയ എല്ലാ വിസകളും
സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ്(വിസ ഫെസിലിറ്റേഷൻ സെന്റർ) വഴി മാത്രമാക്കി പരിമിതപ്പെടുത്തി. അടുത്ത മാസം നാലു മുതലാണ് പുതിയ പരിഷ്‌കാരം.

ഇത് സംബന്ധിച്ച നിർദ്ദേശം മുംബൈയിലെ സൗദി കോൺസുലേറ്റ് മുഴുവൻ ട്രാവൽ ഏജൻസികൾക്കും കൈമാറി. ഇത്തരത്തിലുള്ള എല്ലാ വിസകളും വി.എഫ്.എസ് കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും കോൺസുലേറ്റ് സ്വീകരിക്കുക.

നിലവിൽ ട്രാവൽ ഏജൻസികളുടെ കൈവശമുള്ള പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുന്നതിന് വേണ്ടി ഏപ്രിൽ 19ന് മുമ്പ് സമർപ്പിക്കാനും നിർദ്ദേശിച്ചു. നിലവിൽ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിസ സ്റ്റാമ്പിംഗ് വി.എഫ്.എസ് വഴിയാണ് ചെയ്യുന്നത്. ഇതേരീതിയാണ് സൗദിയിലേക്കും നടപ്പാക്കുന്നത്.

അതേസമയം, നേരത്തെ ഒരു ട്രാവൽ ഏജൻസിക്ക് ഒരു തവണ 75 വീതം പാസ്‌പോർട്ടുകൾ സ്റ്റാമ്പിംഗിനായി സമർപ്പിക്കാനുള്ള അവസരം ഈയിടെ 45 പാസ്‌പോർട്ട് ആയി ചുരുക്കിയിരുന്നു.

നിലവിൽ സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിൽ നിരവധി പ്രതിസന്ധികളുണ്ട്. ട്രാവൽ ഏജന്റുമാരുടെ ക്വാട്ട കുറച്ചിന് പുറമെ, ചില പാസ്‌പോർട്ടുകളിൽ മുദ്ര പതിപ്പിക്കാത്തതും പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. പാസ്‌പോർട്ടുകൾ സമയത്ത് സ്റ്റാമ്പ് ചെയ്ത് ലഭിക്കാത്തതിനെ തുടർന്ന് നിരവധി പേരുടെ യാത്ര മുടങ്ങി. ഇതിന് പുറമെ, നേരത്തെ എടുത്തുവെച്ച, റീഫണ്ടിംഗ് സൗകര്യമില്ലാത്ത ടിക്കറ്റുകൾ എടുത്തവരും പ്രതിസന്ധിയിലായി. വിസ സ്റ്റാമ്പ് ചെയ്തുലഭിക്കാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയതോടെ ടിക്കറ്റുകൾക്ക് മുടക്കിയ പണം നഷ്ടമായ നിരവധി പേരുണ്ട്.