ജെറ്റ് എയര്‍വേയ്‌സ് സി ഇ ഒ യ്ക്ക് ട്വിറ്ററില്‍ പൊങ്കാല

0
476

ന്യൂഡല്‍ഹി: എയര്‍വേയ്‌സ് സി.ഇ.ഒ.യ്ക്ക് ട്വിറ്ററില്‍ പൊങ്കാല. ഇന്ത്യന്‍ മെട്രോ സ്‌റ്റേഷനുകളുടെ നിര്‍മാണ രീതിയെ കുറ്റപ്പെടുത്തി ട്വീറ്റിട്ട ജെറ്റ് എയര്‍വേയ്‌സ് സി.ഇ.ഒ.യ്ക്കാണ് ട്വിറ്ററില്‍ പൊങ്കാല.

ജെറ്റ് എയര്‍വേയ്‌സ് സി.ഇ.ഒ. ആയ സഞ്ജീവ് കപൂറാണ് ഇന്ത്യന്‍ മെട്രോ സ്‌റ്റേഷനുകളുടെ സൗന്ദര്യശാസ്ത്രത്തെയും വാസ്തുവിദ്യയെയും ദുബായ് മെട്രോ സ്‌റ്റേഷനുമായി താരതമ്യപ്പെടുത്തി വിലയിരുത്തിയത്.

ഇന്ത്യയിലേത് കലാബോധമില്ലാതെ നിര്‍മിച്ച കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇതോടെ കമന്റ് ബോക്‌സില്‍ നിരവധി ഇന്ത്യക്കാര്‍ പൊങ്കാലയുമായെത്തി. ദുബായ്, ബെംഗളൂരു മെട്രോ സ്‌റ്റേഷനുകളുടെ ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചാണ് വിമര്‍ശനം നടത്തിയത്. ദുബായുടേത് പത്തുവര്‍ഷം മുന്‍പെങ്കിലും നിര്‍മിച്ചതാണെന്നും ട്വീറ്റില്‍ പറയുന്നു. ട്വീറ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരു, ഗുഡ്ഗാവ്, കൊല്‍ക്കത്ത മെട്രോ സ്‌റ്റേഷനുകളെ ഉദ്ധരിച്ചുകൊണ്ടാണ് സഞ്ജീവ് കപൂറിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. ഏറെ കാത്തിരുന്ന വൈറ്റ്ഫീല്‍ഡ് – കെ.ആര്‍. പുരം മെട്രോ റൂട്ടിന്റെ (പര്‍പ്പിള്‍ ലൈന്‍) ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തിലാണ് ബെംഗളൂരു മെട്രോയുടെ പേര് പരാമര്‍ശിച്ചുള്ള സഞ്ജീവ് കപൂറിന്റെ ട്വീറ്റ്. 13 കിലോമീറ്റര്‍ നീളമുള്ള പാത മാര്‍ച്ച് 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തേക്കും.