കൂടെ ജോലി ചെയ്യുന്ന സ്വദേശി സ്ത്രീയോട് അപമര്യാദയായി പെരുമാറി: സഊദിയിൽ മലയാളിക്ക് അഞ്ച് വർഷം ജയിൽ ശിക്ഷ

0
4207

ദമാം: സഊദിയിൽ കൂടെ ജോലി ചെയ്യുന്ന സ്വദേശി സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ മലയാളിക്ക് അഞ്ച് വർഷം ജയിൽ ശിക്ഷ. കിഴക്കൻ സഊദിയിലെ ദമാമിലാണ് സംഭവം. കൂടെ ജോലി ചെയ്യുന്ന യുവതിയുമായി ഇദ്ദേഹം അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. ദമാം ക്രിമിനൽ കോടതിയാണ് യുവാവിന് കടുത്ത ശിക്ഷ വിധിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സമാനമായ കേസുകളിൽ മലയാളികൾ കൂടി വരുന്നുവെന്ന് സാമൂഹ്യ പ്രവർത്തകർ പറയുന്നു.
ജോലിയിടങ്ങളിലെ സഹപ്രവർത്തകയായ സ്വദേശി സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും അവരോട് എന്തെങ്കിലും രൂപത്തിൽ അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്താലുള്ള ശിക്ഷ ജോലി പോകുമെന്ന് മാത്രമല്ല വർഷങ്ങൾ തടവറയിൽ കഴിയേണ്ടിയും വരുമെന്നും വ്യക്തമാക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട കോടതി വിധികൾ. സഊദിയിൽ വനിതകൾക്ക് ജോലി ചെയ്യാനുള്ള അവസരം ഉള്ളതിനാൽ നിരവധി വനിതകൾ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ മറ്റു പുരുഷ ജോലിക്കാർ ഏറെ ശ്രദ്ധ ചെലുത്തണമെന്നാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്.

സമാനമായ സംഭവത്തിൽ മറ്റൊരു മലയാളിയും അഞ്ചു വർഷം തടവിൽ ശിക്ഷ വിധിക്കപ്പെട്ട് ജയിലിലാണ്. സ്കൂൾ ബസിൽ കുട്ടികളെ എത്തിക്കുന്ന ബസിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം തന്റെ ബസിലെ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ കാരണത്താലാണ് അഞ്ചു വർഷ തടവ് ശിക്ഷ അനുഭവിക്കുന്നത്. ബഖാലയിൽ സാധനങ്ങൾ വാങ്ങാനെത്തിയ സ്വദേശിയായ ആൺകുട്ടിയെ ക്യാമറക്കണ്ണുകൾ പതിയാത്ത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറാൻ ശ്രമിച്ച മലയാളിയും കടുത്ത ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നുണ്ട്.

കഞ്ചാവ്, ഡ്രഗ്സ്, മാഫിയകളിൽ പെട്ട് ജയിലിലാകുന്ന ഇളം തലമുറയിൽ പെട്ട മലയാളികളും ഒട്ടും കുറവല്ലെന്നും പൊതു പ്രവർത്തകനും ദമാം ക്രിമിനൽ കോർട്ട് പരിഭാഷകനുമായ മുഹമ്മദ്‌ നജാതി വെളിപ്പെടുത്തുന്നു. അയൽ രാഷ്ട്രമായ ബഹറൈനിലേക്ക് ട്രിപ്പ് പോയാൽ കാശ് കൂടുതൽ കിട്ടുമെന്ന വ്യാമോഹം വെച്ച് യാത്രക്കാരെ എടുക്കുന്ന ടാക്സി ഡ്രൈവർമാരും ഇതിൽ ഉൾപ്പെടുന്നുണ്ട്. നിയമ വിരുദ്ധമായ ഏത് സംഗതിക്കും അറിവോടെയാണെങ്കിലും അല്ലെങ്കിലും കടുത്ത ശിക്ഷയാണ് ലഭിക്കുന്നത്.

സഊദിയിലെ ക്രിമിനൽ സംവിധാനത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് മാത്രമല്ല വിദേശികൾ ജോലിക്കായെത്തി നിയമ ലംഘന പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ തടവും പിഴയും നാടുകടത്തലും എല്ലാം ഒന്നിച്ച് അനുഭവിച്ച് പാപ്പരായി നാട്ടിലേക്ക് മടങ്ങേണ്ട അതിദയനീയ അവസ്ഥക്കും നാം സാക്ഷിയാവേണ്ടിവരുമെന്നും സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടിവരില്ലെന്നും മുഹമ്മദ് നജാത്തി ഓർമിപ്പിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക