ചെന്നൈ: പ്രണയം അവസാനിപ്പിച്ചു തമിഴ്നാട്ടിൽ വീണ്ടും കൊലപാതകം. രാധാപുരം ജില്ലയിലെ വില്ലുപുരത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ യുവാവ് കൊലപ്പെടുത്തി. ധരണി (23) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മുൻ കാമുകൻ ഗണേഷിനെ
പൊലീസ് അറസ്റ്റ് ചെയ്തു.
ധരണിയും മധുപാക്കം സ്വദേശി ഗണേഷും അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു. മയക്കുമരുന്നിന് അടിമയും അക്രമാസക്തനുമായ ഗണേഷുമായുള്ള ബന്ധം കഴിഞ്ഞ വർഷം ധരണി അവസാനിപ്പിച്ചു. തുടർന്ന് നഴ്സിംഗ് പഠിക്കാൻ ചെന്നൈയിലേക്ക് പോയി.
ധരണിക്ക് അമ്മ മാത്രമേയുള്ളൂ. ഫെബ്രുവരിയിൽ അവധിയിലായിരുന്ന ധരണിയെ കാണാൻ ഗണേഷ് പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വ്യാഴാഴ്ച രാത്രി ഗണേഷിനെ ബന്ധപ്പെട്ടപ്പോൾ താൻ ചെന്നൈയിലേക്ക് പോയതായി ധരണി അറിയിച്ചു.
പക്ഷേ അത് കള്ളമാണെന്ന് ഗണേഷിന് അറിയാമായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 5.30ന് വീട്ടിൽ നിന്ന് ഇറങ്ങിയ ധരണിയെ ഗണേഷ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഗണേഷിനെ തിരുകാനൂരില് വെച്ച് രണ്ട് മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി.




