റിയാദ്: സഊദിക്കകത്ത് നിന്നുള്ള പൗരന്മാർക്കും വിദേശികൾക്കും ഹജ്ജ് കർമ്മം അനുഷ്ഠിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതിന്റെ അവസാന തീയതി സഊദി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ‘ഇത് വരെ ഹജ്ജ് നിർവ്വഹിക്കാത്തവർക്ക് ‘ ഹജ്ജ് നിർവ്വഹിക്കാനുള്ള അപേക്ഷ സമർപ്പിക്കേണ്ടതിന്റെ അവസാന തീയതി റമദാൻ 10 ന് ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
അതേസമയം, റമദാൻ 11 മുതൽ ക്വാട്ട തീരുന്നത് വരെ 5 വർഷമോ അതിൽ കൂടുതലോ വർഷം മുമ്പ് ഹജ്ജ് നിർവഹിച്ച ആഭ്യന്തര തീർഥാടകർക്ക് ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
ഈ വർഷം വളരെ നേരത്തെ തന്നെ ഹജ്ജിന് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം അധികൃതർ ഏർപ്പെടുത്തിയിരുന്നു. ജനുവരി 5 ന്, തന്നെ ഹജ്ജ്, ഉംറ മന്ത്രാലയം രാജ്യത്തിനുള്ളിൽ നിന്നുള്ള തീർത്ഥാടകർക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും “നുസുക്” ആപ്ലിക്കേഷനിലൂടെയും ഹജ്ജ് രജിസ്‌ട്രേഷൻ അനുവദിച്ചത്.
ഹജ്ജ് അനുഷ്ഠാനങ്ങൾ എളുപ്പത്തിൽ നിർവഹിക്കുന്നതിനുള്ള അപേക്ഷാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്. അതേസമയം, സഊദിയിൽ വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ പോലുള്ള വിസകളിൽ എത്തിയവർക്ക് ഹജ്ജ് നിർവ്വഹിക്കാൻ അനുമതി ലഭിക്കില്ല. ഇക്കാര്യം നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.