സഊദിയിൽ ബാലിസ്​റ്റിക് മിസൈൽ അവശിഷ്​ടങ്ങൾ പതിച്ച്​ വീടുകൾ തകർന്നു

0
53
  • സഊദിക്ക് നേരെയെത്തിയത് 51 ബാലിസ്റ്റിക് മിസൈലുകളും 7 ക്രൂയിസ് മിസൈലുകളും കൂടാതെ ആയിരത്തോളം ഡ്രോണുകളും 

ദമാം: സഊദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ ബാലിസ്​റ്റിക് മിസൈൽ പ്രതിരോധ സേന വിജയകരമായി തകർത്തു. ബുധൻ പുലർച്ചെയാണ് സംഭവം. മിസൈൽ ആകാശത്തുവെച്ച് തകർത്തതിനാൽ അവശിഷ്​ടങ്ങൾ ജനവാസ മേഖലയിലെ രണ്ട് വീടുകൾക്ക് മുകളിൽ പതിച്ചു.

സിവിൽ ഡിഫൻസ് വക്താവ് നൽകുന്ന വിവരമനുസരിച്ച്, നിർമാണത്തിലിരിക്കുന്ന ആളൊഴിഞ്ഞ ഒരു വീടിനും മറ്റൊരു വീടിനുമാണ് കേടുപാടുകൾ സംഭവിച്ചത്. ഭാഗികമായി നാശനഷ്​ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.

അതേസമയം, ഇന്ന് (വ്യാഴാഴ്ച) കിഴക്കൻ പ്രവിശ്യയിൽ 34 ഡ്രോണുകൾ തകർത്ത് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളും തകർത്തിട്ടുണ്ട്.

പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, വ്യോമ പ്രതിരോധ സേനയും വ്യോമസേനയും ഏകദേശം 795 ഡ്രോണുകൾ, 51 ബാലിസ്റ്റിക് മിസൈലുകൾ, 7 ക്രൂയിസ് മിസൈലുകൾ എന്നിവ തടഞ്ഞുനിർത്തി നശിപ്പിക്കുന്നതിൽ വിജയിച്ചു, അവയിൽ ഭൂരിഭാഗവും കിഴക്കൻ പ്രവിശ്യയെയും റിയാദിനെയും ലക്ഷ്യം വച്ചുള്ളതായിരുന്നു.