മക്ക: റമസാനിൽ തീർഥാടകരെയും വിശ്വാസികളെയും സ്വീകരിക്കാൻ മക്ക ഹറമിൽ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി മക്ക ഡെപ്യൂട്ടി അമീർ രാജകുമാരൻ ബദർ ബിൻ സുൽത്താൻ പരിശോധിച്ചു.
ഇസ്മായിൽ ഗേറ്റിൽ നിന്നാണ് ഡെപ്യൂട്ടി അമീർ ഹറം പര്യടനം ആരംഭിച്ചത്. ഇസ്മായിൽ ഗേറ്റിൽ നടപ്പാക്കിയ വികസന പദ്ധതികളുടെ പുരോഗതി ബദർ ബിൻ സുൽത്താൻ രാജകുമാരൻ വിലയിരുത്തി. മതാഫ് സമുച്ചയത്തിന്റെ തെക്ക് ഭാഗത്ത് പത്ത് മീറ്റർ വീതിയുള്ള മൂന്ന് ഗേറ്റുകളാണ് ഇസ്മായിൽ ഗേറ്റ് പദ്ധതിയിലുള്ളത്.
അറ്റകുറ്റപ്പണി നടത്തിയ മതാഫിന്റെ മേൽക്കൂരയും അദ്ദേഹം പരിശോധിച്ചു. ഈ മേൽക്കൂരയ്ക്ക് ഒരേസമയം 12,500-ലധികം വിശ്വാസികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. ചൂട് പ്രതിരോധിക്കുന്ന മാർബിൾ കൊണ്ട് മൂടിയ ശേഷം റമദാനിൽ ആദ്യമായി വിശ്വാസികൾക്കായി മതാഫ് തുറക്കുന്നു. ഹറം കാര്യ വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റമസാൻ പ്രവർത്തന പദ്ധതിയാണിത്.