വിവാഹം ചെയ്യാതിരിക്കുന്നതിനും കടമായി വാങ്ങിയ ദിർഹം തിരികെ നൽകാതിരിക്കുന്നതിനുമായി വ്യാജ മരണ വാർത്തയുണ്ടാക്കി യുവാവ്, കേസ് കോടതിയിൽ എത്തിയപ്പോൾ വൻ ട്വിസ്റ്റ്

0
1411

അബുദാബി: തന്നെ വിവാഹം ചെയ്യാതിരിക്കുന്നതിനും കടമായി വാങ്ങിയ 2,15,000 ദിർഹം തിരികെ നൽകാതിരിക്കുന്നതിനുമായി വ്യാജ മരണ വാർത്ത കെട്ടിച്ചമച്ച കാമുകനെതിരെ അബുദാബിയിൽ യുവതി രംഗത്ത്. താൻ ക്യാൻസർ ബാധിതനാണെന്നും ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നതിന് പണം ആവശ്യമാണെന്നും പറഞ്ഞാണ് ഇരുപത് വയസുള്ള അറബ് യുവാവ് കാമുകിയിൽ നിന്നു പണം കൈക്കലാക്കിയത്. യുവതിയെ വിവാഹം കഴിക്കാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു.



തനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്ന് ഇയാൾ പ്രണയകാലത്ത് യുവതിയോടു പറഞ്ഞിരുന്നു. ‘എനിക്ക് വലിയ രീതിയിൽ കടബാധ്യതയുണ്ട്. ക്യാൻസർ രോഗം പിടിപെട്ടിരിക്കുകയാണ്. അതിന്റെ ചികിത്സക്കായി വിദേശത്തു പോകേണ്ടതുണ്ട്’ – യുവാവിന്റെ ഈ വാക്കുകൾ വിശ്വസിച്ചാണു യുവതി 2,15,000 ദിർഹം കടം നൽകിയത്. ഈ തുക തിരിച്ചു നൽകുമന്നു യുവാവ് ഉറപ്പു നൽകിയിരുന്നു.

എന്നാൽ, പണം കൈപ്പറ്റിയ ശേഷം യുവാവ് കാമുകിയെ അവഗണിക്കാൻ തുടങ്ങി. ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുകയും പിന്നീട് സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. കുറച്ചു നാളുകൾക്കു ശേഷം യുവാവിന്റെ സഹോദരൻ വിളിച്ച് ഇയാൾ മരിച്ചു പോയതായി അറിയിക്കുകയായിരുന്നു. ആ നിമിഷം താൻ വല്ലാതെ ഞെട്ടിപ്പോയി എന്നു യുവതി പറയുന്നു.

എന്നാൽ, യുവാവ് പിന്നീട് സമൂഹത്തിലിറങ്ങിയതോടെ ഇതു കള്ളമാണെന്നു ബോധ്യപ്പെട്ടു. ഇതേതുടർന്നു വാക്ക് തന്നിരുന്നതു പോലെ തന്നെ വിവാഹം ചെയ്യണമെന്നും കടം വാങ്ങിയ പണം തിരികെ നൽകണമെന്നും യുവതി ആവശ്യപ്പെട്ടപ്പോൾ യുവാവ് അതിനു തയാറായില്ല. ഇതേ തുടർ‌ന്നാണു അബുദാബി കോടതിയിൽ യുവാവിനെതിരെ കേസു കൊടുത്തത്.

എന്നാൽ, യുവതിയിൽ നിന്നു താൻ പണം വാങ്ങിയിട്ടില്ലെന്നു യുവാവ് കോടതിയിൽ വാദിച്ചു. പണം കൊടുത്തതിനു വ്യക്തമായ തെളിവുകൾ ഇല്ലെന്നു ചൂണ്ടിക്കാട്ടി കോടതി കേസ് തള്ളി.

Lady files suit against her boyfriend for faking death to avoid marrying her