1.1 കോടി രൂപ വില മതിക്കുന്ന സ്വർണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറൻസിയും കരിപ്പൂരിൽ കസ്റ്റംസ് പിടികൂടി

0
1191

കരിപ്പൂർ: 1.1 കോടി രൂപ വില മതിക്കുന്ന സ്വർണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറൻസിയും
കരിപ്പൂർ വിമാനത്താവളത്തിൽ
കസ്റ്റംസ് പിടികൂടി.

ബുധനാഴ്ച രാത്രി ദുബൈയിൽനിന്നും ദോഹയിൽനിന്നും വന്ന വിമാനങ്ങളിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു കിലോയോളം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽനിന്നെത്തിയ താമരശ്ശേരി സ്വദേശിയായ രായരുകണ്ടി റാഷികിൽനിന്ന് (27) 1066 ഗ്രാമും സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ മലപ്പുറം അരീക്കോട് സ്വദേശി പാമ്പോടൻ മുനീറിൽനിന്ന് (27) 1078 ഗ്രാമും തൂക്കം വരുന്ന നാലു കാപ്സൂളുകൾ വീതമാണ് പിടികൂടിയത്. കള്ളക്കടത്ത് സംഘത്തിന്റെ കാരിയർമാരാണ് തങ്ങളെന്നാണ് കസ്റ്റംസിന് ഇരുവരും നൽകിയ മൊഴി.

സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബൈയിലേക്ക് പോകാനെത്തിയ വടകര സ്വദേശി മാദലൻ സെർബീൽ (26) ബാഗിനുള്ളിൽ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഏകദേശം എട്ട് ലക്ഷം രൂപക്ക് തുല്യമായ 2585 ഒമാൻ റിയാലും 1035 കുവൈത്തി ദിനാറും മതിയായ രേഖകളില്ലാത്തതിനാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.

ജനുവരി ഒന്നുമുതൽ ഇതുവരെ 82 കേസുകളിലായി ഏകദേശം 35 കോടി രൂപ വിലമതിക്കുന്ന 65 കിലോഗ്രാമോളം സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.