മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ചിട്ട് 13 വര്‍ഷം, ഒരു രാജ്യത്തെയും രേഖകളില്ലാത്ത ഏഴുമക്കള്‍; ആരും മറന്നിട്ടുണ്ടാകില്ല സോമാലിയക്കാരി മുഅ്മിനയെയും മക്കളെയും, ഇവർക്ക് സഹായത്തിനായി ഒരു സംഗമം,´പിതാവ് ജീവിച്ചിരിക്കെ അനാഥരായ മക്കൾക്ക് വേണ്ടി`നാളെ ജിദ്ദയിൽ

0
7664

ജിദ്ദ: പതിമൂന്ന് വർഷം മുമ്പ് മലയാളിയായ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് ജിദ്ദയിൽ ദുരിതത്തിൽ കഴിയുന്ന സോമാലിയക്കാരി മുഅ്മിനയുടെയും മക്കളുടെയും കദന കഥ പ്രവാസികളിൽ അറിയാത്തവർ ഉണ്ടാകില്ല. 2021 ൽ, പ്രതീക്ഷകളറ്റ 12 വര്‍ഷക്കാലം ജീവിതത്തിന്റെ എല്ലാ നൊമ്പരങ്ങളും അനുഭവിച്ച മുഅ്മിന എന്ന ഉമ്മയുടെ നീറുന്ന നിരവധി ചോദ്യങ്ങൾ പുറത്ത് വന്നതോടെ വാർത്ത മലയാളികൾക്കിടയിൽ ഏറെ നൊമ്പരമായി മാറിയിരുന്നു. ഇനി മുമ്പോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയ ഇവരുടെ ജീവിത കഥ പുറത്ത് വന്നതോടെയാണ് മുഅ്മിനക്ക് പുറമെ ഏഴു മക്കളുടെ കണ്ണെത്താ ദുരിതത്തിന്റെ വ്യാപ്തി ലോകം അറിയുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിതാവിന്റെ സ്‌നേഹവാത്സല്യം തീവ്രമായി ആഗ്രഹിക്കുന്ന മക്കൾ ഉമ്മക്കൊപ്പം ഇട്ടെറിഞ്ഞു പോയ തങ്ങളുടെ പ്രാണനായ ഉപ്പ മടങ്ങി വരുമെന്ന് കാത്തിരിക്കുകയാണിപ്പോഴും. മക്കളെ ആശ്വസിപ്പിക്കാന്‍ ഒരു പൊയ്‍‍വാക്ക് പറയാന്‍ പോലും അവരുടെ ഉമ്മ മുഅ്മിനയ്ക്ക് ഇപ്പോൾ കഴിയുന്നില്ല.

സൊമാലിയന്‍ സ്വദേശിയായ മുഅ്മിനയുടെ ജീവിതത്തിന്റെ ഗതിമാറ്റിയത് ഒരു മലയാളിയായിരുന്നു. രണ്ട് വർഷം മുമ്പ് ഈ വാർത്ത പുറത്ത് വന്നത് ഞെട്ടലോടെയായിരുന്നു മലയാളികൾ കേട്ടത്. എന്നാൽ, നാട്ടിൽ ഇവരുടെ പിതാവ് ജീവിച്ചിരിക്കെ തന്നെ സഊദിയിൽ ദുരിതം അനുഭവിക്കുന്ന ഈ കുടുംബത്തിന്റെ അവസ്ഥ ഇന്നും കഷ്ടതയിൽ തന്നെയാണ്. ഇവർക്ക് സഹായകമായി പല സാമൂഹിക സംഘടനകളും ഇതിനകം തന്നെ സഹായം നൽകി രംഗത്തെത്തിയിട്ടുണ്ട്. ഇവർക്ക് ഒരു സഹായം നൽകാനായി, പരിഹാരം കാണുന്നതിനായി ജിദ്ദയിൽ ഒത്തുകൂടുകയാണ് നാളെ പ്രവാസികൾ. പിതാവ് ജീവിച്ചിരിക്കെ അനാഥരാകേണ്ടി വന്ന ഏഴുമക്കൾക്ക് വേണ്ടി എന്നാണ് പരിപാടിയുടെ തലക്കെട്ടിൽ. ജിദ്ദയിലെ പത്രപ്രവർത്തകൻ വഹീദ് സമാൻ ഇതേ കുറിച്ച് തന്റെ ഫേസ്ബുക്കിൽ കുറിച്ച കാര്യങ്ങൾ ഇങ്ങനെ👇

2021-ലെ ഒക്ടോബർ. ജിദ്ദ ഷറഫിയയിലെ ഇടിഞ്ഞു പൊളിഞ്ഞുവീഴാറായ കെട്ടിടത്തിന്റെ പടികൾ കയറുമ്പോൾ മുകളിൽ ഇത്രയും സങ്കടം പൊതിഞ്ഞുവെച്ച ഒരു മുറി അടച്ചുവെച്ചിട്ടുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഏഴു മക്കളുടെയും ഒരുമ്മയുടെയും കണ്ണീരിന്റെ നനവിൽ ആ മുറിയുടെ ചുവരുകൾ നനഞ്ഞിരിക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ കുട്ടി പതിയെ നടന്നുവന്ന് മടിയിൽ കയറി ഇരുന്നു. സോമാലിയക്കാരി മുഅ്മിനയും അവരുടെ ഏഴുമക്കളും ജീവിക്കുന്ന മുറിയായിരുന്നു അത്. ആ ഏഴു മക്കൾ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദ് പാണമ്പിയുടെ മക്കളാണിവർ. ജിദ്ദയിൽ പ്രവാസ ജീവിതം നയിക്കുന്ന കാലത്ത് മുഅ്മിനയിലുണ്ടായ മക്കൾ. ഒരു ദിവസം ഒന്നും പറയാതെ അയാൾ നാട്ടിലേക്ക് മുങ്ങി. പതിനാലു വർഷം മുമ്പാണ് അയാൾ പോയത്. മജീദ് പോകുന്ന സമയത്ത് മുഅ്മിനയുടെ വയറ്റിൽ മജീദിന്റെ ഒരു മോൾ കൂടി വളരുന്നുണ്ടായിരുന്നു.
(മുഅ്മിനയുടെയും മക്കളുടെയും ജീവിതം ഞാൻ നേരത്തെ വിശദമായി എഴുതിയിട്ടുണ്ട്. കമന്റ് ബോക്‌സിൽ ലിങ്കു തരാം. അന്ന് വായിക്കാത്തവർക്ക് വായിക്കാം.)

ഇന്ന് വീണ്ടും മുഅ്മിനയുടെ ജീവിതവുമായി വന്നത് അവരിപ്പോഴും അനാഥരാണ് എന്ന് പറയാനാണ്. മുഅ്മിനക്കും മക്കൾക്കും രക്ഷകനായി കഴിഞ്ഞ കുറെ വർഷമായി കൊണ്ടോട്ടി കുന്നുംപുറം സ്വദേശി അബ്ദുൽ സലാമുണ്ട്. സാധാരണ പ്രവാസിയായ അബ്ദുൽ സലാം ഈ കുടുംബത്തിന് വേണ്ടി ഓടിനടക്കുന്നത് കാണുമ്പോൾ മനുഷ്യസ്‌നേഹത്തിന്റെ വറ്റാത്ത നദിക്കരയിൽ ഇരിക്കുന്ന പോലെയാണ്.

ഏതാനും മാസം മുമ്പാണ് ഒരു പാതിരാത്രിയിൽ സലാം വിളിക്കുന്നത്. ആ കുട്ട്യോളെ ഉമ്മാനെ പോലീസ് പിടിച്ചു. കുട്ടികളാകെ കരയുന്നു. എന്താ ചെയ്യാന്ന് അറീല എന്നൊരു പിടച്ചിലുണ്ടായിരുന്നു സലാമിൽ. രേഖകളില്ലാതെ ജീവിക്കുന്നവർക്കായി പോലീസ് തെരച്ചിൽ ശക്തമാക്കിയിരുന്ന സമയമായിരുന്നു അത്. വീണ്ടും അനാഥരാകേണ്ടി വരുന്ന മക്കളെ പറ്റിയായിരുന്നു ആലോചന. ആരെയൊക്കെയോ വിളിച്ച് പിറ്റേന്ന് അവർ പുറത്തിറങ്ങി.

സൗദിയിലെ മനുഷ്യാവകാശ കമ്മീഷനിലേക്കും ഞങ്ങളൊരിക്കൽ ഈ കുട്ടികളുടെ ആവശ്യവുമായി കടന്നുചെന്നു. ആ നീക്കവും ഒരു വഴിക്ക് നടക്കുന്നുണ്ട്.

നാളെ (മാർച്ച് 16 വ്യാഴം) ഷറഫിയയിലെ അബീർ ഓഡിറ്റോറിയത്തിൽ ഈ കുട്ടികൾക്ക് വേണ്ടി ഒരു ചെറിയ പ്രോഗ്രാം നടക്കുന്നുണ്ട്. പിതാവ് ജീവിച്ചിരിക്കെ അനാഥരാകേണ്ടി വന്ന ഏഴുമക്കൾക്ക് വേണ്ടി എന്നാണ് പരിപാടിയുടെ തലക്കെട്ട്. ആ കുടുംബത്തിന് ജീവിച്ചുപോകാൻ ആവശ്യമായ സഹായങ്ങൾക്ക് വേണ്ടിയുള്ള ഒത്തുചേരലാണ്.

പ്രവാസ ലോകത്ത് ഒരു പക്ഷെ ഇത്തരത്തിൽ ഒരു ചടങ്ങ് ഇതാദ്യമായിരിക്കും. ഒരു മലയാളിയുടെ ഏഴു മക്കൾക്ക് വേണ്ടി, അവരുടെ കണ്ണീരൊപ്പാനായുള്ള ഒത്തുചേരൽ.

പങ്കെടുക്കാൻ സാധിക്കുന്നവരെല്ലാം നാളെ എത്തണം.………….. …………. ………… ……….. ………..

ഇനി മുഅ്മിനയുടെ കഥ മുഴുവനായി വായിക്കാം: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ നിന്നാണ് മുഅ്മിന ജിദ്ദയിലെത്തുന്നത്. വളരെ ചെറുപ്രായത്തില്‍ തന്നെ അവര്‍ ജിദ്ദയിലേക്ക് താമസം മാറി. കുടുംബത്തിനൊപ്പം ജീവിതം മുമ്പോട്ട് പോകുന്നതിനിടെയാണ് മലയാളിയായ അബ്ദുല്‍ മജീദ് അവിചാരിതമായി മുഅ്മിനയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.

സുഹൃത്തിന്റെ കടയിലെ പരിചയം പിന്നീട് പ്രണയമാകുകയും പിന്നീട് വിവാഹിതരാകുകയുമായിരുന്നു. തന്റെ ജീവിതത്തെ തന്നെ കീഴ്‌മേല്‍ മറിക്കുന്ന ഒരു തീരുമാനമാകും വിവാഹമെന്ന് അന്ന് മുഅ്മിന ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. ആ ബന്ധത്തില്‍ അവര്‍ക്ക് ആറ് മക്കള്‍ ജനിച്ചു. ഏഴാമത്തെ മകള്‍ ഹാജറയെ ഗര്‍ഭം ധരിച്ച സമയം. പെട്ടെന്ന് ഒരു ദിവസം അബ്ദുല്‍ മജീദ് നാട്ടിലേക്ക് പോയതോടെയാണ് ഇരുൾ മൂടിയത്. റീ എന്‍ട്രി വിസയില്‍ നാട്ടില്‍ പോയ മജീദ് പിന്നെ മടങ്ങിയെത്തിയില്ല. മജീദ് നാട്ടിലെത്തിയ ശേഷമാണ് മുഅ്മിന വിവരം അറിഞ്ഞത്. ഭര്‍ത്താവ് തിരികെ വരുമെന്ന വിശ്വാസത്തില്‍ അവര്‍ ജീവിച്ചു പോരുകയായിരുന്നു. ഏഴാമത്തെ മകള്‍ ഹാജറ പിറന്നു വളർന്നപ്പോഴും അബ്ദുല്‍ മജീദ് തിരികെയെത്തിയില്ല. ഇപ്പോൾ ഹാജറയുടെ കണ്ണിന് കാഴ്ച മങ്ങുന്ന അസുഖവുമുണ്ട്.

ഹാജറയ്‌ക്കൊപ്പം ഹയാത്ത്, ഫൈസല്‍, ഫവാസ്, ഹനാന്‍, ഫഹദ്, ഹൈഫ എന്നീ സഹോദരങ്ങളും ഉപ്പയില്ലായ്മയുടെ എല്ലാ വേദനകളും അനുഭവിക്കുകയാണ്. ഫവാസ് ഒഴികെ ബാക്കി എല്ലാവരും ജിദ്ദ ബഗ്ദാദിയയിലെ ഇടിഞ്ഞുപൊളിയാറായ വീട്ടിലാണ് താമസിക്കുന്നത്. എങ്ങനെയോ സൊമാലിയയില്‍ എത്തിയ ഫവാസ് മുഅ്മിനയുടെ അകന്ന ബന്ധുക്കള്‍ക്കൊപ്പമാണ് താമസം. ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം കഴിയാന്‍ തിരികെ ജിദ്ദയിലേക്ക് വരണമെന്ന് അവന് ആഗ്രഹമുണ്ട്. ജനന സര്‍ട്ടിഫിക്കറ്റുകളും ഇഖാമയും ഉള്‍പ്പെടെ രാജ്യത്തെ ഒരു രേഖകളും മക്കള്‍ക്കില്ലയെന്നതിനാൽ ഏത് നിമിഷവും നിയമനടപടികള്‍ ഉണ്ടായേക്കാം എന്ന പേടിയിലാണ് അവര്‍ ജിദ്ദയിൽ കഴിയുന്നത്.

ഇതിനിടെ, മജീദിനെ തിരിച്ചറിഞ്ഞ് നാട്ടിൽ പോയി സന്ദർശിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അന്ന് വാർത്ത വന്നപ്പോൾ മറ്റു പലരും സഹായങ്ങളുമായി ഇവരെ സഹായിക്കാൻ മുന്നോട്ട് വന്നിരുന്നു. ഇത് സംബന്ധമായി നേരത്തെ പ്രസിദ്ധീകരിച്ച വാർത്തകൾ വായിക്കാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക