പി ജെ എസ് ജിദ്ദ വാർഷികം വെള്ളിയാഴ്ച

ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി. ജെ. എസ്) ജിദ്ദയുടെ പതിനാലാമത് വാർഷികം ‘ഭാരതീയം 2023’ എന്ന പേരിൽ മാർച്ച് 17 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വാർഷിക പരിപാടിയിൽ പ്രമുഖ നൃത്ത അദ്ധ്യാപിക പുഷ്‌പ സുരേഷ്, ജയശ്രീ പ്രതാപൻ, ദീപിക സന്തോഷ്, കൃതിക രാജീവ്, റിദീഷ റോയ്  എന്നിവർ ചിട്ടപ്പെടുത്തിയ വിവിധങ്ങളായ നൃത്ത രുപങ്ങൾ, പി. ജെ. എസ് അംഗങ്ങളെ കൂടാതെ ജിദ്ദയിലെ പ്രശസ്തരായ ഗായകർ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, പ്രശസ്ത നാടക കലാ സംവിധായകനായ സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത് പി. ജെ. എസ് നാടക സംഘം അണിയിച്ചൊരുക്കുന്ന   ‘പെരുന്തച്ചൻ’ എന്ന നൃത്ത സംഗീത നാടകവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

പി. ജെ. എസ് കഴിഞ്ഞ ഭരണസംഘടനയുടെ കാലയളവിൽ നടത്തിയ ജീവ കാരുണ്യ പ്രവർത്തനളെപ്പറ്റിയും അവർ വിശദീകരിച്ചു. സംഘടനയുടെ സജീവ പ്രവർത്തകർ ആയിരിക്കെ മരണപ്പെട്ട പരേതരായ ഉല്ലാസ് കുറുപ്പ്, ഷാജി ഗോവിന്ദ് എന്നിവരുടെ പേരിൽ കൊടുത്തു വരാറുള്ള മെമ്മോറിയൽ അവാർഡ് ഈ വർഷം യഥാക്രമം ജിദ്ദയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മുസാഫിറിനും, ആതുര സേവന രംഗത്തു പ്രവർത്തിച്ച സാമൂഹിക പ്രവർത്തനങ്ങളെ കണക്കിലെടുത്ത് ഡോ. വിനീത പിള്ളയ്ക്കും നല്കുന്നതാണ്. പന്ത്രണ്ടാം ക്ലാസിൽ ഉയർന്ന മാർക്കോടെ ഉന്നത വിജയം നേടിയ അജ്മി സാബു എഡ്യൂക്കേഷൻ അവാർഡിന് അർഹയായി. വാർഷിക ആഘോഷ ചടങ്ങിൽ സിനി ആർട്ടിസ്റ്റ് സിയാദ് അബ്ദുല്ല പടുതോടിനേയും സംഘടനയ്ക്കു നല്കിയ പ്രവർത്തനങ്ങളെ കണക്കിലെടുത്ത് മുൻ പ്രസിഡൻ്റ് വർഗീസ് ഡാനിയേലിനെയും ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർഷികാഘോഷ പരിപാടികളുടെ പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ടെന്നും പാസ്സ്  ലഭിക്കുന്നതിനായി https://docs.google.com/forms/d/e/1FAIpQLSf1jJ71Jwj9bShauavUGHfkAYvfvwp3PWc5I5EVin0S2qeOTw/viewform?usp=sharing എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണമെന്നും ഭാരവാഹികൾ പറഞ്ഞു.

ജിദ്ദ ഖാൻ ചാച്ച റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ പത്തനംതിട്ട ജില്ല സംഗമം പ്രസിഡൻ്റ് അലി തേക്കുതോട്, ജനറൽ സെക്രട്ടറി ജോർജ്ജ് വർഗീസ് പന്തളം, ഖജാൻജി മനു പ്രസാദ്, വൈസ് പ്രസിഡൻറുമാരായ ജോസഫ് വർഗീസ് വടശ്ശേരിക്കര, സന്തോഷ് കടമ്മനിട്ട , രക്ഷാധികാരി ജയൻ നായർ, പി. ആർ. ഒ അനിൽ കുമാർ പത്തനംതിട്ട എന്നിവർ പങ്കെടുത്തു. പരിപാടിയെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക്: 0505437884, 0530072724, 0538378734 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവന്നതാണ്.