ബിസിനസ് ക്ലാസ് വിമാനത്തിലെ വെജിറ്റേറിയന്‍ ബ്രേക്ക്ഫാസ്റ്റ്; കിട്ടിയത് ഒരു കുഞ്ഞ് പഴം മാത്രം; പരാതിയുമായി യാത്രക്കാരന്‍

0
3543

വിമാനത്തിലെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യവേ വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത തനിക്ക് വെറും ഒരു ചെറുപഴം മാത്രം തന്ന് അപമാനിച്ചെന്ന പരാതിയുമായി യാത്രക്കാരന്‍. ജപ്പാന്‍ എയര്‍ലൈന്‍സിനെതിരെയാണ് പരാതിയുമായി ക്രിസ് ചാരി എന്ന യാത്രക്കാരന്‍ രംഗത്തെത്തിയത്. ഏഴ് മണിക്കൂര്‍ നീണ്ട വിമാനയാത്രയായിട്ട് പോലും തനിക്ക് പ്രഭാത ഭക്ഷണമായി വെറും ചെറുപഴം മാത്രമാണ് വിമാനത്തിലെ അധികൃതര്‍ വിളമ്പിയതെന്നാണ് ഇദ്ദേഹം പരാതിപ്പെടുന്നത്.

‘വെജിറ്റേറിയന്‍ ഭക്ഷണമാണ് നിങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് എയര്‍ഹോസ്റ്റസ് ഇന്നത്തെ എന്റെ ബ്രേക്ക് ഫാസ്റ്റ് വാഴപ്പഴമാണെന്ന് അറിയിച്ചു. അപ്പോഴും ഞാന്‍ വിചാരിച്ചത് പഴം ഉള്‍പ്പെട്ട എന്തെങ്കിലും വിഭവമായിരിക്കുമെന്നാണ്. പക്ഷേ ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പ്ലേറ്റില്‍ ആകെ പഴം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ആകെ അന്തംവിട്ടുപോയി’. ക്രിസ് ചാരി പറഞ്ഞു. തനിക്ക് ലഭിച്ച പ്രഭാതഭക്ഷണത്തിന്റെ ഫോട്ടോ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ തനിക്കൊപ്പമുള്ള നോണ്‍ വെജ് ഓര്‍ഡര്‍ ചെയ്ത യാത്രക്കാര്‍ക്ക് വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം ലഭിച്ചെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. നോണ്‍ വെജ് ഓര്‍ഡര്‍ ചെയ്തവര്‍ക്കായി ട്യൂണ, സാലഡ് മുതലായവയൊക്കെയാണ് നല്‍കിയിരുന്നത്. വിമാനം നല്‍കുന്നത് ഒരു ലഘുഭക്ഷണവും ഒരു ഉച്ചഭക്ഷണവുമാണെന്നാണ് എയര്‍ലൈന്‍സിന്റെ വിശദീകരണം. തനിക്ക് ലഭിച്ച ഉച്ചഭക്ഷണവും മഹാമോശമായിരുന്നെന്ന് ക്രിസ് അഭിപ്രായപ്പെട്ടു.

(Passenger Flying Business Class Served One Banana As In-Flight Meal)