റിയാദ്: സഊദി അറേബ്യയിൽ നടന്ന സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിന് സമ്മാനം വെറും 457 റിയാൽ മാത്രം. പ്രവാസി സംഘടനകൾ നടത്തുന്ന സൗഹൃദ ലീഗുകളിൽ പോലും ഇതിനേക്കാൾ ഉയർന്ന സമ്മാനത്തുക ഉണ്ടാകുമെന്നിരിക്കെയാണ് ഏറെ നാണക്കേടുമായി കുറഞ്ഞ തുക സമ്മാനം നൽകിയത്. വിദേശത്ത് നടത്തിയ ടൂർണമെന്റിൽ ഏറ്റവും മികച്ച താരമായ റോബിൻ യാദവിന് ലഭിച്ചത് 10,000 രൂപ മാത്രമാണ്. അതായത്, ഇന്നത്തെ നിരക്കിൽ വെറും 457 റിയാൽ മാത്രം. കൊട്ടിഘോഷിച്ച് സഊദിയിൽ നടത്തിയ ഫൈനൽ മത്സരത്തിൽ കാണികളുടെ കുറവ് ഉണ്ടാക്കിയ നാണക്കേട് മാറും മുമ്പ് തന്നെ മറ്റൊരു നാണക്കേടാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വരുത്തിവെച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റിയാദിലെ ഇന്ത്യൻ അംബാസിഡറും മറ്റു ഒഫീഷ്യലുകളും അടങ്ങുന്ന വേദിയിലാണ് തുക കൈമാറിയത്. ചാമ്പ്യൻസ് ലീഗും വേൾഡ് കപ്പും യൂറോപ്പിലെ ദേശീയ ലീഗുകളും അരങ്ങുവാഴുന്ന ഇന്ത്യയിൽ എന്ത് കൊണ്ട് ഇന്ത്യൻ ഫുട്ബോളിന് വേണ്ടത്ര വളർച്ച ലഭിക്കുന്നില്ല എന്ന ചോദ്യം കാലങ്ങളായി ഉയർന്നു വന്നതാണ്. അതിന് മറ്റൊരു ഉദാഹരണമാണ് ഈ വർഷത്തെ സന്തോഷ് ട്രോഫി ടൂർണമെന്റ്. ഈ വർഷം കൊട്ടിഘോഷിച്ച് സഊദി അറേബ്യയിൽ നടത്തിയ ടൂർണമെന്റിന് സാക്ഷിയായത് ഒഴിഞ്ഞ ഗാലറികളാണ്. ഇതെല്ലാം കൂട്ടിച്ചേർത്ത് ഇന്ത്യൻ ഫുട്ബോൾ എന്ന് നന്നാകുമെന്ന് ചോദിക്കുകയാണ് ആരാധകർ.
റിയാദിൽ നടന്ന ഫൈനലിന് കാണികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ട് പോലും ദയനീയമായിരുന്നു സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം. കേരളവും ബംഗാളും യോഗ്യത നേടാതായതാണ് കാണികളുടെ കുറവുണ്ടായത് എന്ന ഫെഡറേഷൻ പ്രസിഡന്റിന്റെ വാക്കുകൾ മുഖവിലക്ക് എടുത്താലും അത് മാത്രമാണോ ഇന്ത്യൻ ഫുട്ബാളിന്റെ പ്രശ്നങ്ങൾ എന്ന് ചോദിക്കുന്നവരുമുണ്ട്. കഴിഞ്ഞ വർഷം മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫി വൻ വിജയമായിരുന്നു. നോമ്പ് കാലം ആയിട്ട് പോലും ജനങളുടെ അഭൂതപൂർവമായ തിരക്കായിരുന്നു കാണാൻ സാധിച്ചത്. രാത്രി നടക്കേണ്ടിയിരുന്ന ഫൈനൽ മത്സരത്തിന് ടിക്കറ്റ് ഉണ്ടായിട്ട് കൂടി തിരക്ക് മൂലം അകത്തേക്ക് കടക്കാൻ സാധിക്കാതിരുന്ന കാണികൾ പ്രതിഷേധിച്ചത് വൻ വാർത്തയായിരുന്നു.
അന്ന് മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനും ഗോൾകീപ്പർക്കും നൽകിയത് 25,000 രൂപയാണ്. നിലവിലെ സാഹചര്യത്തിൽ അത് തന്നെ വളരെ കുറവാണ്. ഈ വർഷം അതിൽ പകുതി പോലും കൊടുക്കാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് സാധിക്കുന്നില്ല. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി നേടിയ ടീമിന് നൽകിയത് അഞ്ച് ലക്ഷം രൂപയാണ്. ഒരു ടീമിൽ കളിക്കാരും പരിശീലകരും മറ്റ് സ്റ്റാഫുകളും അടക്ക 25 ന് അടുത്ത് ആളുകൾ ഉണ്ടാകും. പടവലങ്ങ പോലെ താഴോട്ടാണ് ഇന്ത്യൻ ഫുട്ബോൾ വളരുന്നത്. മാന്യമായ ഒരു വേതനം ലഭിക്കാത്തതിനാൽ ബൂട്ട് അഴിച്ച് മൈതാനം വിടുന്ന കളിക്കാർ ഇന്ത്യയിൽ ധാരാളമായി ഉണ്ട്. ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന് അവസ്ഥയുണ്ടായാൽ എത്ര പേർ ഫുട്ബോളിനെ ഒരു പ്രൊഫഷൻ ആയി എടുത്ത് രംഗത്ത് വരും എന്നതും സംശയമാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




