മനാമ: പലിശക്കാരുടെ മാനസിക പീഡനങ്ങളിൽ പെട്ട് ആത്മഹത്യ ചെയ്ത മലപ്പുറം പള്ളിക്കൽ സ്വദേശിയുടെ മരണത്തിനു കാരണക്കാരനായ ബഹ്റൈൻ മദീനത് ഹമദിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ ബ്ലേഡുകാരൻ നാട്ടിലേക്കു മുങ്ങിയതായി സൂചന.
മനാമയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം പള്ളിക്കൽ ചേലപ്പുറത്ത് ഹൗസിൽ രാജീവൻ പച്ചാട്ടി(40)ന്റെ ആത്മഹത്യക്ക് ഉത്തരവാദിയായ മലയാളിക്കെതിരെ ഭാര്യ പി.എം.സിംജിഷ ഇന്ത്യൻ, ബഹ്റൈൻ അധികൃതർക്ക് പരാതി നൽകിയത്.
കൊള്ളപ്പലിശക്കാർ സകല പരിധികളും ലംഘിക്കുകയാണെന്നു പലിശ വിരുദ്ധ സമിതി ഭാരവാഹികൾ പറഞ്ഞു. ഈ സംഘങ്ങൾക്കെതിരെ മുഴുവൻ സാമൂഹിക പ്രവർത്തകരും ഒറ്റക്കെട്ടായി നിൽക്കുകയും പ്രതികരിക്കുകയും ചെയ്യണം. ഇത്തരം സംഘങ്ങളും വ്യക്തികളും ബഹറൈനിൽ ഏറെക്കാലമായി സജീവമാണ്.
ഇവരുടെ ചൂഷണത്തിനിരയായി സാധാരണക്കാരായ പ്രവാസികളുടെ ജീവനും ജീവിതവും നഷ്ടപ്പെടുകയോ താറുമാറാവുകയോ ചെയ്യുന്ന സംഭവങ്ങൾ വര്‍ധിച്ചുവരുന്നു. പലിശക്കാരന്റെ സമ്മർദ്ദം താങ്ങാനാകാതെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന രാജീവൻ പച്ചാട്ടിന്റെ ഭാര്യയും കുടുംബവും അധികൃതർക്ക് പരാതി നൽകിയിരുന്നു.
പ്രവാസ ഭൂമിയിൽ നടക്കുന്ന ആത്മഹത്യകളിൽ അധികവും സാമ്പത്തികവുമായി ബന്ധപെട്ടുള്ളതാണെന്നു സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കൊക്കെ അറിയാവുന്ന കാര്യമാണിത്.




