മലപ്പുറം: ഹാജിമാർക്ക് കൈയിൽ കരുതാനുള്ള സൗദി റിയാൽ നൽകുന്നതിനു പകരം തീർഥാടകർ പണം സ്വയം കരുതേണ്ടിവരും. തീർഥാടകർ അടച്ച തുകയിൽനിന്ന് 2100 റിയാൽ വീതം യാത്രയ്ക്ക് തൊട്ടുമുമ്പ് വിമാനത്താവളങ്ങളിൽ വച്ച് ഹജ്ജ് കമ്മിറ്റി തീർഥാടകർക്കു നൽകുകയായിരുന്നു കുറച്ചുവർഷങ്ങളായുള്ള രീതി.
ഇന്ത്യൻ രൂപ റിയാലായി മാറ്റുന്നതിന് ബാങ്കുകളിൽനിന്ന് കുറഞ്ഞ നിരക്കിൽ ടെൻഡർ ക്ഷണിച്ചാണ് ഹജ്ജ് കമ്മിറ്റി തീർഥാടകർക്കു പണം നൽകിയിരുന്നത്. യാത്രവേളയിൽ ഹാജിമാർ അധികമായി വാങ്ങുന്ന റിയാലിന്റെ നിരക്കുമായി വൻവ്യത്യാസം ഈ തുകയിലുണ്ടാകാറുണ്ട്. അതിനാൽ തന്നെ ഹജ്ജ് കമ്മിറ്റി റിയാൽ മാറ്റി നൽകുന്ന രീതി ഹാജിമാർക്ക് ഗുണകരമായിരുന്നു.
മുമ്പ് ഹജ്ജിന് പോകുന്നവർ സ്വന്തമായി ചെലവിനുള്ള പണം കൈവശം വയ്ക്കണമായിരുന്നു. പലരും പൈസയില്ലാതെ പ്രയാസപ്പെടുന്ന സാഹചര്യം ഉൾപ്പെടെ വിവിധ പ്രശ്നങ്ങളുമുണ്ടായിരുന്നു. തുടർന്നാണ് തീർഥാടകരിൽനിന്ന് നേരത്തേ പണം വാങ്ങി റിയാലാക്കി മാറ്റി എല്ലാവർക്കും നൽകാൻ ഹജ്ജ് കമ്മിറ്റി തീരുമാനിച്ചത്.