സഊദിയിൽ താമസസ്ഥലത്ത് മലയാളി ജീവനൊടുക്കിയ നിലയിൽ

0
4678

റിയാദ്: സഊദിയിൽ താമസസ്ഥലത്ത് മലയാളി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൊല്ലോട് സ്വദേശി കുഴിവിള റോഡരികത്ത് വീട്ടിൽ വനജകുമാർ രഘുവരനെ (49) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിയാദിൽനിന്ന് 1200 കിലോമീറ്ററകലെ വടക്കൻ അതിർത്തി പട്ടണമായ അൽഖുറയാത്തിലെ സനാഇയ ഏരിയയിലെ താമസ സ്ഥലത്താണ് സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

25 വർഷമായി ഇവിടെ പ്രവാസിയായ ഇദ്ദേഹം അൽഖുറയാത്തിലെ സനാഇയ ഏരിയയിൽ അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്ഷോപ്പ് നടത്തുകയായിരുന്നു. ഏഴുവർഷമായി നാട്ടിൽ പോയിട്ട്. സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞത് മുതൽ കാണാതായ ഇദ്ദേഹത്തെ വെള്ളിയാഴ്ച പുലർച്ചെ കഴുകിയ വസ്ത്രങ്ങൾ വിരിക്കാനായി മുകളിലെ നിലയിലേക്ക് പോയ സഹപ്രവർത്തകരാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നാണ് വിവരം.

ഉടൻ പൊലീസിനെ വിവരം അറിയിച്ചു. ഒപ്പം ജോലി ചെയ്യുന്ന മൂന്നുപേരോടൊപ്പം കെട്ടിടത്തിെൻറ താഴത്തെ നിലയിലാണ് വനജകുമാറും താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് മറ്റ് മൂന്നുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. മൃതദേഹം അൽഖുറയാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാനും മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഭാരവാഹി സലീം കൊടുങ്ങല്ലൂർ രംഗത്തുണ്ട്. വനജകുമാറിന് നാട്ടിൽ ഭാര്യയും മക്കളുമുണ്ട്. എസ്. രഘുവരനാണ് പിതാവ്. മാതാവ്: രത്നമ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക