സഊദിയിൽ മസ്ജിദുകളോട് ചേർന്ന മുറികൾ ഇമാമുമാർ രഹസ്യമായി വാടകക്ക് നൽകിയതായി കണ്ടെത്തി

മസ്ജിദിലെ ടോയ്‌ലെറ്റുകളും അംഗശുദ്ധിവരുത്താനുള്ള സ്ഥലങ്ങളും മുറികളാക്കി മാറ്റിയും ഇമാമുമാർ വാടകക്ക് നൽകിയിട്ടുണ്ട്

0
2618

ജിദ്ദ: മസ്ജിദുകളോട് ചേർന്ന ഫ്ലാറ്റുകളും മുറികളും വ്യാപാര ആവശ്യത്തിനായി രഹസ്യമായി ഇമാമുമാർ വാടകക്ക് നൽകിയതായി കണ്ടെത്തി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മക്ക പ്രവിശ്യയിലെ മസ്ജിദുകളിൽ ഒന്നിനോട് ചേർന്ന് നിർമിച്ച അനിധികൃത താമസസ്ഥലങ്ങൾ വർഷങ്ങളായി ഇമാം വാടകക്ക് നൽകി വരികയായിരുന്നു. താമസസ്ഥലങ്ങളുടെ വാടക തങ്ങൾ കൃത്യമായി ഇമാമിന് നൽകാറുണ്ടെന്ന് വാടകക്കാർ പറയുന്നു.

ഈ മസ്ജിദിനോട് ചേർന്നുള്ള ഒമ്പതു ഫ്ലാറ്റുകളാണ് ഇമാം രഹസ്യമായി മറ്റുള്ളവർക്ക് വാടകക്ക് നൽകിയതെന്ന് മക്ക പ്രവിശ്യ ഇസ്‌ലാമിക മന്ത്രാലയ ശാഖയിലെ മോണിട്ടറിംഗ്, ഫോളോ-അപ്പ് വിഭാഗം മേധാവി അബ്ദുറഹ്മാൻ അൽഹാരിസി പറഞ്ഞു.

ഇതിനു പുറമെ മസ്ജിദിനു കീഴിലെ മറ്റൊരു റിയൽ എസ്റ്റേറ്റ് യൂനിറ്റ് വിദേശ സ്‌കൂൾ നടത്താനും ഇമാം വാടകക്ക് നൽകി.
അഞ്ചു ലക്ഷം റിയാലിന്റെ കൊള്ളകളാണ് ഈ ഇമാം നടത്തിയത്. കൂടാതെ വൈദ്യുതി ബിൽ ഇനത്തിൽ 30 ലക്ഷത്തിലേറെ റിയാലിന്റെ അധിക ബാധ്യതകളും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന് ഇമാം വരുത്തിവെച്ചു.

മസ്ജിദിലെ ടോയ്‌ലെറ്റുകളും അംഗശുദ്ധിവരുത്താനുള്ള സ്ഥലങ്ങളും ഏഴു മുറികളാക്കി മാറ്റിയും ഇമാം വാടകക്ക് നൽകിയിട്ടുണ്ട്. ഈ ഫ്ലാറ്റുകളുടെയും മുറികളുടെയും വൈദ്യുതി, ജല ബില്ലുകൾ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ കണക്കിൽ നിന്നാണ് അടക്കുന്നതെന്നും അബ്ദുറഹ്മാൻ അൽഹാരിസി പറഞ്ഞു.

ഉത്തര ജിദ്ദയിലെ മറ്റൊരു മസ്ജിദിലെ മുറികളും ഇമാം നിയമ വിരുദ്ധമായി വാടകക്ക് നൽകുന്നതായി കണ്ടെത്തി. ഈ ഇമാം സർവകലാശാലാ അധ്യാപകനായ ഡോക്ടറാണ്.

മസ്ജിദിലെ മിനാരം പോലും ഇമാം മുറിയാക്കി മാറ്റി. മസ്ജിദിൽ ഇമാമിന് പ്രവേശിക്കാനുള്ള പ്രത്യേക പ്രവേശന കവാടത്തിന്റെ ഒരു ഭാഗവും ഇമാം മുറിയാക്കി മാറ്റി. ഈ മുറികളെല്ലാം വിദേശികൾക്ക് ഇമാം വാടകക്ക് നൽകി.

മറ്റൊരു മസ്ജിദിനു കീഴിലെ സ്ഥലത്ത് കെട്ടിടം നിർമിച്ച് ഇമാം ലോണ്ട്രിയും രണ്ടു വ്യാപാര സ്ഥാപനങ്ങളുമാക്കി മാറ്റി. വീഡിയോ 👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക