ആലപ്പുഴ: അഭിഭാഷകൻ പ്രവാസി മലയാളിയായ സ്വന്തം കക്ഷിയെ കബളിപ്പിച്ച് മൂന്ന് ലക്ഷത്തോളം രൂപ ഫീസ് ഇനത്തിൽ തട്ടിയെടുത്ത കേസിൽ 48,36,800 രൂപയും പലിശയും നഷ്ട്ട പരിഹാരം നൽകാൻ കോടതി ഉത്തരവ്.
മാവേലിക്കര വള്ളികുന്നം കടുവിനാൽ കണ്ണംകോമത്ത് വീട്ടിൽ പ്രസന്നനെ, മാവേലിക്കര ബാറിലെ അഭിഭാഷകനും മുൻ മുൻസിപ്പൽ കൗൺസിലറും സി.പി.എം മാവേലിക്കര ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമായ റൂബിരാജ് കാമ്പിശ്ശേരി കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് കോടതി വിധി.
റൂബി രാജിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രസന്നൻ നല്കിയ കേസിൽ 48,36,800 രൂപയും കൂടാതെ 9% പലിശയും കോടതി ചെലവും അടക്കം നൽകാൻ മാവേലിക്കര സബ് ജഡ്ജ് പി.എം സുരേഷ് ആണ് ഉത്തരവായത്.
പ്രസന്നൻ റിയാദിൽ ജോലി ചെയ്യവെ അവിടെ അയൽവാസികളായിരുന്ന കുണ്ടറ മുറിയിൽ അറപ്പുര വടക്കേതിൽ വീട്ടിൽ അലക്‌സും ഭാര്യ ബിൻസി അലക്‌സും ബന്ധു തോമസ് കുട്ടിയും ചേർന്ന് 36 ലക്ഷം രൂപ വാങ്ങിയിരുന്നു.
പ്രോമിസറി നോട്ടിന്റെയും ചെക്കിന്റെയും അടിസ്ഥാനത്തിലായിരുന്നു പണം നൽകിയത്. എന്നാൽ പണം തിരികെ കൊടുക്കാത്തതിനെത്തുടർന്ന് കേസ് കൊടുക്കുന്നതിനായി റൂബി രാജിനെ, പ്രസന്നൻ ചുമതലപ്പെടുത്തുകയായിരുന്നു.




