സഊദി വനിതകളെ വിവാഹം ചെയ്താൽ സഊദി പൗരത്വം; പ്രചരിക്കുന്നത് വ്യാജ വാർത്ത

0
5919

റിയാദ്: സഊദി വനിതകളെ കല്യാണം കഴിക്കുന്ന വിദേശികൾക്ക് എളുപ്പത്തിൽ സഊദി പൗരത്വം ലഭിക്കുമെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത. സഊദിയിൽ വിദേശികൾക്ക് പൗരത്വം നൽകുമെന്ന വാർത്ത പ്രചരിച്ചതിനു പിന്നാലെയാണ് സഊദി വനിതകളെ വിവാഹം കഴിച്ചാൽ സഊദി അറേബ്യൻ പൗരത്വം പെട്ടെന്ന് ലഭിക്കുമെന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നത്. ഇത് സംബന്ധമായി യഥാർത്ഥ വാർത്ത നേരത്തെ (ജനുവരി 11) തന്നെ മലയാളംപ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ആ വാർത്ത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി വനിതകളെ കല്യാണം കഴിക്കുന്ന വിദേശികൾക്ക് എളുപ്പത്തിൽ സഊദി പൗരത്വം ലഭിക്കുമെന്ന വീഡിയോ പങ്ക് വെച്ച് പല വായനക്കാരും പലപ്പോഴായി ബന്ധപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മലയാളംപ്രസ്സ് വീണ്ടും വിശദമായി വാർത്ത പ്രസിദ്ധീകരിക്കുന്നത്. സഊദി പൗര്വത്വം ലഭിക്കാനുള്ള നടപടികളിൽ വരുത്തിയ ഭേദഗതിയെ അടിസ്ഥാനമാക്കിയാണ് വിദേശികൾക്കും സഊദി വനിതകളെ വിവാഹം കഴിക്കുന്നവർക്കും പെട്ടെന്ന് പൗരത്വം ലഭിക്കുമെന്ന വാർത്ത പ്രചരിച്ചത്.

നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ചില ഔദ്യോഗിക മാധ്യമങ്ങളിലും വരെ പ്രസ്തുത വ്യാജ വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, വിദേശിയായ പിതാവിന്റെയും സഊദി മാതാവിന്റെയും സഊദിയിൽ ജനിച്ച മക്കൾക്ക് സഊദി പൗരത്വം നൽകുന്നത് സംബന്ധമായ വ്യവസ്ഥയാണ് ഇപ്പോൾ അംഗീകാരം നൽകിയതെന്നതാണ് വസ്തുത.

ഇത് വരെ സഊദി വനിതകൾക്ക് വിദേശി ഭർത്താവിൽ ജനിച്ച കുട്ടികൾക്ക് നിബന്ധനകൾ ഒത്ത് വന്നാൽ പൗരത്വം നൽകുന്നത് ആഭ്യന്തര മന്ത്രിയുടെ അധികാര പരിധിയിൽ പെടുന്ന കാര്യമായിരുന്നു. എന്നാൽ പുതിയ ഭേദഗതിയിൽ ആഭ്യന്തര മന്ത്രിക്ക് ശുപാർശ ചെയ്യാൻ മാത്രമാണ് അധികാരം. പൗരത്വം നൽകുന്നതിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതായിരിക്കും. ചുരുക്കത്തിൽ സഊദി വനിതകളുടെ വിദേശി ഭർത്താവിൽ ജനിച്ച കുട്ടികൾക്ക് പൗരത്വം നൽകുന്നതിനുള്ള അന്തിമാധികാരം പ്രധാനമന്ത്രിക്ക് നൽകിയ ഒരു ഭേദഗതിയെയാണ് സൗദി വനിതയെ കല്യാണം കഴിച്ചാൽ വിദേശികൾക്ക് പൗരത്വം ലഭിക്കും എന്ന രീതിയിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ടത് എന്ന് സാരം.

വിദേശിയായ പിതാവിന്റെയും സഊദി മാതാവിന്റെയും സഊദിയിൽ ജനിച്ചവർ മക്കൾ സഊദി അറേബ്യൻ പൗരത്വത്തിനായി അപേക്ഷ സമർപ്പിക്കുമ്പോൾ പ്രായപൂർത്തിയായിട്ടുണ്ടായിരിക്കണം, താമസ പദവി (ഇഖാമ) ഉണ്ടായിരിക്കണം, തുടർച്ചയായി 10 വർഷത്തിൽ കുറയാത്ത കാലയളവിൽ സഊദിയിൽ ഉണ്ടായിരിക്കണം എന്നതാണ് വ്യവസ്ഥ. കൂടാതെ, നല്ല മനസ്സും ശരീരവും നല്ല പെരുമാറ്റവും ഉള്ളവനായിരിക്കണം, 6 മാസത്തിൽ കൂടുതൽ ധാർമ്മിക കുറ്റകൃത്യത്തിന് കോടതി തടവിന് ശിക്ഷിക്കപ്പെടാതിരിക്കുന്ന ആളാകണം. രാജ്യത്തിന് ആവശ്യമായ തൊഴിലുകൾ ചെയ്യുന്നവൻ ആകണം, അറബി ഭാഷ സംസാരിക്കുകയും വായിക്കുകയും എഴുതുകയും ചെയ്യണം എന്നതാണ് വ്യവസ്ഥ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക