ന്യൂഡൽഹി: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ഉത്തരവ്. ലോക്സഭാ സെക്രട്ടറി ജനറലാണ് എംപിയെ അയോഗ്യനാക്കിയുള്ള ഉത്തരവിറക്കിയത്. ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതൽ എംപിയെ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതായി ഉത്തരവിൽ പറയുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗ് ആണ് ഉത്തരവിറക്കിയത്. ക്രിമിനൽ കേസ് എംപിയെ കോടതി ശിക്ഷിച്ച സാഹചര്യത്തിലാണ് ചട്ടപ്രകാരമുള്ള നടപടി.
അതേസമയം, വധശ്രമ കേസിലെ പത്ത് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അടക്കം 4 പ്രതികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. കേസിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരനായ മുഹമ്മദ് സാലിഹിനോടും പ്രോസിക്യൂഷനോടും കോടതി നിർദേശിച്ചിരുന്നു. അപ്പീലിൽ വിധി വരുന്നത് വരെ കവരത്തി കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന എംപിയുടെ ആവശ്യത്തിൽ ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആന്ത്രോത്ത് പോലീസ് 2009-ല്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി ശിക്ഷിച്ചത്. മുന്‍ കേന്ദ്രമന്ത്രി പി.എം സെയ്ദിന്റെ മരുമകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് കവരത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ലക്ഷദ്വീപ് എം.പി.യും എന്‍.സി.പി. നേതാവുമായ മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് പത്തുവര്‍ഷം തടവാണ് ശിക്ഷ. കേസില്‍ ആകെ 32 പ്രതികളുണ്ട്. ഇതില്‍ രണ്ടാംപ്രതിയാണ് മുഹമ്മദ് ഫൈസല്‍. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു ഷെഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതികൾ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്.
സുപ്രീംകോടതിയുടെ 2013-ലെ വിധിപ്രകാരം കോടതി ശിക്ഷിക്കുന്ന നിമിഷംതന്നെ ഒരു എം.പി.ക്ക് അംഗത്വം നഷ്ടമാകും. മുമ്പ് മൂന്നുമാസം അപ്പീല്‍ കാലവധി അനുവദിച്ചിരുന്നു. അത് നിയമപരമായി ശരിയല്ലെന്ന് കണ്ടായിരുന്നു സുപ്രീംകോടതിവിധി. ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതുമുതല്‍ ആറുവര്‍ഷത്തേക്കുകൂടി അയോഗ്യതയുണ്ടാകുമെന്നാണ് നിയമം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Story Highlights: Lakshadweep M P Mohammed Faizal Declared Disqualified




