ദോഹ: ഇടവേളകളില്ലാതെ 35 മണിക്കൂർ കൊണ്ട് ഖത്തറിന്റെ തെക്ക് മുതൽ വടക്കേ അറ്റം വരെ ഓടിത്തീർക്കാൻ ഇന്ത്യയുടെ അൾട്രാ റണ്ണർ സുഫിയ സുഫി. അജ്മീർ സ്വദേശിനിയായ സുഫിയ ഇന്ന് രാവിലെ 6ന് കര അതിർത്തിയായ തെക്ക് അബു സമ്രയിൽ നിന്ന് വടക്ക് അൽ റുവൈസിലേക്ക് ‘റൺ എക്രോസ് ഖത്തർ-സൗത്ത് ടു നോർത്ത്’ എന്ന പേരിലാണ് ഓട്ടം ആരംഭിക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിർത്താതെയുള്ള ഓട്ടം വെള്ളിയാഴ്ച വൈകിട്ടോടെ അൽ റുവൈസിലെ സുലാൽ വെൽനസ് റിസോർട്ടിൽ സമാപിക്കുമെന്ന് സുഫിയ വ്യക്തമാക്കി. ഏറ്റവും വേഗമേറിയ സമയത്തിൽ ഒരു രാജ്യത്തിന് കുറുകെ ഓടിത്തീർക്കുന്നതിന്റെ റെക്കോർഡ് ആണ് ലക്ഷ്യം. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. 210 കിലോമീറ്ററാണ് 3 തവണ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയ ഈ 37കാരി ഓടിത്തീർക്കുക.

ന്യൂട്രീഷനിസ്റ്റ് വികാസ്, സൈക്കോതെറപ്പിസ്റ്റ് രാജേന്ദർ യാദവ്, മെന്റർ കെ.സി.മീന എന്നിവരും ഒപ്പമുണ്ട്. പിന്തുണയായി ദോഹയിലെ ഓട്ടക്കാരും ഒപ്പം ചേരും. ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിന്റെ പിന്തുണയുമുണ്ട്. ഇന്ത്യൻ എംബസിയിലെത്തി ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലുമായി സുഫിയ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഇതാദ്യമായാണ് ഓടുന്നത്.
രാജ്യാന്തര ഓട്ടങ്ങളിലുള്ള ആദ്യ ചുവടുവയ്പു കൂടിയാണിത്. 2019 ൽ 4,000 കിലോമീറ്ററിന്റെ ട്രാൻസ് ഇന്ത്യ റണ്ണിങ് ചലഞ്ച് 87 ദിവസം കൊണ്ട് പൂർത്തിയാക്കി ഏറ്റവും വേഗമേറിയ വനിതയെന്ന ഖ്യാതി നേടിയ സുഫിയ ഗോൾഡൻ ക്വാഡ്രിലാറ്ററൽ റോഡ് റണ്ണിൽ 6,000 കിലോമീറ്റർ, മനാലി-ലെ ഹിമാലയൻ അൾട്രാ റൺ ചലഞ്ച്, സിയാചിൻ-കാർഗിൽ അൾട്രാ റൺ എന്നിവയിലും റെക്കോർഡ് നേടിയിട്ടുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




