ജിദ്ദ: ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഊദിയിലെ പ്രമുഖ പാലുൽപാദന സ്ഥാപനമായ സഊദി മില്‍ക്ക് (സദാഫ്കൊ) കമ്പനി മുന്‍ ജീവനക്കാരുടെ കുടുംബ സംഗമം മലപ്പുറത്ത് നടന്നു. ‘സദാഫ്കോ’ കമ്പനിയില്‍ ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയവരും ഇപ്പോള്‍ സര്‍വീസിലിരിക്കുന്നവരുമായ മലയാളികളുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് സദാഫ്കോ കേരളൈറ്റ് എക്സ് എംപ്ലോയീസ് ആണ് കുടുംബ സംഗമം നടത്തിയത്. മലപ്പുറം പുകയൂര്‍ മലബാര്‍ സെന്‍ട്രല്‍ സ്‌കൂളിള്‍ നടന്ന സംഗമം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ജംഷീര്‍ നഹ ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റര്‍ കെ. വി സുബൈര്‍ അധ്യക്ഷത വഹിച്ചു. എ. മൂസ മാസ്റ്റർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ, മാജിക് ഷോ, ഗാനമേള, മെഗാ നറുക്കെടുപ്പ് എന്നിവയും നടന്നു. സംഗമത്തിന്റെ അസിസ്റ്റന്റ് കോഡിനേറ്റര്‍ പി. അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും എം.ശഫീഖ് അഹമ്മദ് നന്ദിയും പറഞ്ഞു.
വിദേശത്ത് ഒരേ കമ്പനിയില്‍ ദീര്‍ഘകാലം ഒന്നിച്ച് ജോലി ചെയ്യുകയും എന്നാല്‍ പ്രവാസ ജീവിതം അവസാനിച്ചതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുകയും ചെയ്യുന്ന സഹപ്രവര്‍ത്തകരായിരുന്നവരുടെ പരസ്പര ബന്ധം ഊഷ്മളമാക്കുന്നതോടൊപ്പം അവരില്‍ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക എന്ന മഹത്തായ ലക്ഷ്യവും ഈ കൂട്ടായ്മക്കുണ്ട്. ഈ വര്‍ഷം മെയ് മാസത്തില്‍ അംഗങ്ങളുടെ പ്രഥമ സംഗമം മലപ്പുറം വുഡ്ബൈന്‍ ഹോട്ടലില്‍ വെച്ച് നടന്നിരുന്നു. പ്രസ്തുത പരിപാടിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും തീരുമാനിച്ചിരുന്നു. സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അംഗങ്ങളില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നാലു കുടുംബങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി സഹായധനം നല്‍കി.
ഇസ്ഹാഖ് പൂക്കാട്ടില്‍, ഓവിങ്ങല്‍ മുഹമ്മദ് അലി, കെ. അബ്ദുല്‍ നാസര്‍, എം. ഹബീബ് റഹ്‌മാന്‍, പി. പി അബ്ദുല്‍ സലീം, കെ.ടി. സലീം, ഇസ്മായില്‍ ഒടുങ്ങാട്ട്, ഹുസൈന്‍ പുലാമന്തോള്‍, അബ്ദുന്നാസര്‍ പോത്തുകാട്ടില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.